പാലക്കാട്: ദിവസങ്ങൾക്കുമുന്‍പ് ജോലിക്കുകയറിയ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ചു മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും തൃശൂർ വിയ്യൂർ സ്വദേശിയുമായ കെ.ആർ. അഭിജിത്തിനെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ വന്നുപോയശേഷം ഇന്നലെ ഉച്ചയോടെ വീട്ടിൽനിന്നു ബസ് കയറി തിരികെയത്തി. മങ്കരയിലെത്തി സ്റ്റേഷനിൽ കുറെ സമയം ഇരുന്നു.
തുടർന്ന് രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.