തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കുക, എസ്ഐടിയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് അവസാനിപ്പിക്കുക എന്നി കാര്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ പറഞ്ഞു.
പോറ്റിയേ കേറ്റിയേ പാരഡിഗാനം ആലപിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടങ്ങിയത്. സ്വര്ണംകട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്നു ഭരണപക്ഷം പാടിയത് വാക്കേറ്റത്തിനിടയാക്കി.പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധമാണു നടത്തിയത്. സഭാനടപടികള്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി.
ശബരിമലയിലെ സ്വര്‍ണം സോണിയാഗാന്ധിയുടെ വീട്ടിലുണ്ടെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി സോണിയയെ ഡല്‍ഹിയില്‍ വച്ച് കണ്ടതിനെക്കുറിച്ചും ശിവന്‍കുട്ടി സഭയില്‍ ഉന്നയിച്ചു.
പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. പോറ്റിയെ കയറ്റിയത് ആരെന്ന് അടൂര്‍ പ്രകാശിനോടു ചോദിക്കണമെന്ന് എംബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കുന്നു. പ്രതിപക്ഷത്തിന് ഭീരുത്വമാണ്. ചര്‍ച്ചയെ അവര്‍ ഭയപ്പെടുന്നുവെന്നും എംബി രാജേഷ് ആരോപിച്ചു.
പ്രതിപക്ഷ പ്രതിഷേധം കാര്യമായി ഗൗനിക്കാതെ സ്പീക്കര്‍ സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. സഭ ഇന്നത്തേക്കു പിരിഞ്ഞു.
