ഹേമന്ദ് കര്‍ക്കറെ രക്തസാക്ഷിയായ ധീരന്‍ ! വിവാദ പ്രസ്താവനകള്‍ക്ക് മാപ്പു പറഞ്ഞ് ബിജെപി നേതാവ് സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍…

വിവാദ പ്രസ്താവനയില്‍ സ്വന്തം പാര്‍ട്ടി പോലും കൈവിട്ടതോടെ മാപ്പു പറഞ്ഞ് സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍. 2008ലെ മൂംബൈ ഭീകരാക്രണത്തില്‍ ഹേമന്ദ് കാര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്നായിരുന്നു പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. എന്നാല്‍ പാര്‍ട്ടി ഇതിനെ ശക്തമായി എതിര്‍ത്തതോടെ ഹേമന്ദ് കര്‍ക്കറെ ശരിക്കും രക്തസാക്ഷിയാണെന്നും ധീരനാണെന്നും തിരുത്തിപ്പറഞ്ഞ പ്രജ്ഞ വെള്ളിയാഴ്ച വൈകിട്ട് ക്ഷമ ചോദിക്കുകയും ചെയ്തു.

”തന്റെ വാക്കുകള്‍ ശത്രുക്കളെ ആഹ്ളാദിപ്പിക്കുന്നുവെങ്കില്‍ എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. നമ്മളുടെ വാക്കുകള്‍ ശത്രുക്കളെ സന്തോഷിപ്പിക്കാന്‍ പാടില്ല. വേദനയിലൂടെയാണ് ഞാന്‍ കടന്നുപോയത്. അതിലേക്ക് തിരിച്ചുപോകാനാകില്ല. എന്നിരുന്നാലും ഹേമന്ദ് കര്‍ക്കറെ തീവ്രവാദികളാലാണ് കൊല്ലപ്പെട്ടതെങ്കില്‍ അദ്ദേഹം രക്തസാക്ഷിയാണ്.” പ്രജ്ഞാ സിംഗ് എഎന്‍ഐ യോട് പറഞ്ഞു. മലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഹേമന്ദ് കര്‍ക്കറെ കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാളായിരുന്നു പ്രജ്ഞാ സിംഗ്.

തന്റെ ശാപം മൂലമാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസമാണ് പ്രജ്ഞാ സിംഗ് പറഞ്ഞത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ഇത് ഏറ്റെടുത്ത് ബിജെപിയ്ക്കെതിരേ ആഞ്ഞടിച്ചിരുന്നു. പ്രസ്താവനയില്‍ പ്രധാനമന്ത്രി മറുപടി പറയണം എന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ ബിജെപി സ്വന്തം നേതാവിനെ തള്ളിക്കൊണ്ടു രംഗത്ത് വരികയും ചെയ്തു. ഇത് പാര്‍ട്ടിയുടേതല്ല സാധ്വി പ്രജ്ഞയുടെ സ്വന്തം അഭിപ്രായമാണെന്ന് പറഞ്ഞ് ബിജെപി 2008 മലേഗാവ് സ്ഫോടനക്കേസില്‍ നേരിട്ട ശാരീരിക മാനസീക പീഡനങ്ങളാണ് അവരെക്കൊണ്ട് അങ്ങിനെ പറയിച്ചതെന്നുമാണ് ബിജെപിയുടെ ന്യായീകരണം. കേസില്‍ 2015 ല്‍ ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലിലെ സ്ഥാനാര്‍ഥിയായി ഇവരെ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു വിവാദ പ്രസ്താവന.

Related posts