പരവൂർ: പ്രീമിയം എൽപിജി ഉപഭോക്താക്കൾക്കായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പുതിയ തലമുറ ലൈറ്റ് വെയിറ്റ് എൽപിജി സിലിണ്ടറായ ഭാരത്ഗ്യാസ് ലൈറ്റ് സിപ്പ് പുറത്തിറക്കി.ആധുനിക വേഗമേറിയ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത ഈ പുതിയ ഉത്പന്നം ഉപഭോക്താക്കൾക്ക് തത്ക്ഷണ പുതിയ കണക്ഷനുകളും എക്സ്പ്രസ് ഡെലിവറി സേവനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
മുംബൈയിൽ ആദ്യമായി അവതരിപ്പിച്ച ഈ പ്രീമിയം എൽപിജി സേവനം വരും ആഴ്ചകളിൽ കൂടുതൽ വിപുലമാക്കും. ഓഗസ്റ്റ് 15-ഓടെ 24 സംസ്ഥാനങ്ങളിലായി 100 പ്രധാന നഗരങ്ങളിലേക്ക് കൂടി ഈ ആധുനിക സിലിണ്ടർ വിതരണം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.ഭാരത് പെട്രോളിയത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഖന്ന, ഡയറക്ടർ ശുഭങ്കർ സെന്നിന്റെ സാന്നിധ്യത്തിലാണ് പുതിയ ഉത്പ്പന്നത്തിന്റെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്.
ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ കോമ്പോസിറ്റ് സിലിണ്ടറാണ് ലൈറ്റ് സിപ്പിനായി ഉപയോഗിക്കുന്നത്. തുരുമ്പെടുക്കാത്ത കട്ടിയുള്ള ശരീരം, സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കൃത്യമായി കാണാൻ സഹായിക്കുന്ന ദൃശ്യമായ ഗ്യാസ് ലെവൽ സൂചകം, ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ, ആകർഷകമായ ആധുനിക രൂപകൽപ്പന എന്നിവയാണ് ഈ അടുത്ത തലമുറ സിലിണ്ടറിന്റെ പ്രധാന സവിശേഷതകൾ.
പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടുമായി ചേർന്ന് ഓൺലൈൻ വഴി ഓൺ-ഡിമാൻഡ് എൽപിജി സിലിണ്ടർ വിതരണം ആരംഭിച്ച് ദിവസങ്ങൾക്കകമാണ് ബിപിസിഎല്ലിന്റെ ഈ പുതിയ ചുവടുവയ്പ്പ്. എച്ച്പിസിഎൽ തങ്ങളുടെ പുതിയ പത്തു കിലോഗ്രാം കോമ്പോസിറ്റ് സിലിണ്ടറായ എച്ച്പി നവ്യയും അതോടൊപ്പം അഞ്ച് കിലോഗ്രാം മെറ്റൽ സിലിണ്ടറും ബംഗളൂരുവിൽ ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്യാൻ കരാറിലേർപ്പെട്ടിരുന്നു.
പരമ്പരാഗത ഗാർഹിക കണക്ഷൻ രേഖകൾ ഇല്ലാത്ത വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ചെറിയ കുടുംബങ്ങൾക്കും ഡിജിറ്റൽ സംവിധാനത്തിലൂടെ എളുപ്പത്തിൽ പാചകവാതകം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആദ്യ ഓർഡറുകൾ കൃത്യമായ ഐഡന്റിറ്റി വെരിഫിക്കേഷനിലൂടെ പുതിയ കണക്ഷനായി നൽകുകയും തുടർന്നുള്ളവ റീഫില്ലുകളായി കൈകാര്യം ചെയ്യുകയുമാണ് ഈ രീതി.
അപ്പാർട്ടുമെന്റുുകളിൽ താമസിക്കുന്നവർക്കും ചെറിയ കുടുംബങ്ങൾക്കും സെക്കൻഡറി സിലിണ്ടർ ഉപയോഗിക്കുന്നവർക്കും സ്റ്റീൽ സിലിണ്ടറുകൾക്ക് പകരമായി ഭാരം കുറഞ്ഞതും അർധ സുതാര്യവുമായ ഇത്തരം കോമ്പോസിറ്റ് സിലിണ്ടറുകൾ വലിയ ആശ്വാസമാകും. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി പലചരക്ക് സാധനങ്ങൾക്കപ്പുറം ദൈനംദിന അവശ്യ സേവനങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എൽപിജി വിതരണ രംഗത്തേക്ക് കടന്നതെന്ന് പ്ലാറ്റ്ഫോം വക്താക്കൾ വ്യക്തമാക്കി.
ഭാരത് ഗ്യാസിന്റെ പുതിയ ലൈറ്റ് സിപ്പ് കൂടി വിപണിയിലെത്തിയതോടെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണ വിപണന കമ്പനികളെല്ലാം തന്നെ കോമ്പോസിറ്റ് സിലിണ്ടർ, ഫാസ്റ്റ് ഡെലിവറി വിഭാഗത്തിൽ നേരിട്ടുള്ള മത്സരത്തിലേക്ക് എത്തിയിരിക്കുകയാണ്. നവഭാരതത്തിലെ ഉപഭോക്താക്കൾക്കായി പ്രീമിയം, ക്വിക്ക് കൊമേഴ്സ് അധിഷ്ഠിത എൽപിജി വിപണിയിലെ മേധാവിത്വത്തിനായി വലിയ മത്സരമാണ് ഇനി വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നത്.
- എസ്. ആർ. സുധീർ കുമാർ
