സ്വകാര്യ റിസോര്‍ട്ടിന് സര്‍ക്കാരിന്റെ വക ദുരിതാശ്വാസം !പള്ളിവാസലില്‍ ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചുപോയ സ്വകാര്യ റിസോര്‍ട്ടിലേക്കുള്ള റോഡ് നന്നാക്കുന്നതു സര്‍ക്കാര്‍ ചെലവില്‍…

മൂന്നാര്‍:ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ നേരിട്ട സ്വകാര്യ റിസോര്‍ട്ടിന് സര്‍ക്കാരിന്റെ വക ദുരിതാശ്വാസം. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ സ്വകാര്യ റിസോര്‍ട്ടിലേക്കുള്ള റോഡ് സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കുന്നതിനെച്ചൊല്ലി വിവാദം പുകയുകയാണ്.

നിര്‍മാണത്തെ സബ്കലക്ടര്‍ എതിര്‍ത്തപ്പോള്‍ എംഎല്‍എ അനുകൂലിച്ചു. പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണമാണു വിവാദമായത്.

മഴയില്‍ ഒലിച്ചുപോയ റോഡിന്റെ ഭാഗങ്ങളും ഉരുള്‍പൊട്ടലില്‍ പതിച്ച കൂറ്റന്‍പാറകളും നീക്കം ചെയുന്നതു സര്‍ക്കാര്‍ ചെലവില്‍ ദേശീയപാതാ വിഭാഗമാണ്. ദേശീയപാതയില്‍ ഉള്‍പ്പെടെ മണ്ണിടിഞ്ഞ് ഗതാഗതതടസം തുടരുമ്പോഴാണ് സ്വകാര്യ റിസോര്‍ട്ടിലേക്കുള്ള തടസം നീക്കാന്‍ ഉദ്യോഗസ്ഥരുടെ ശുഷ്‌കാന്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ റിസോര്‍ട്ട് റോഡിലെ തടസങ്ങള്‍ നീക്കുന്നതിനെ ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ശക്തമായി എതിര്‍ത്തു.

ഇതോടെ കലക്ടര്‍ക്കെതിരേ എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ഉള്‍പ്പെടെ ജനപ്രതിനിധികള്‍ രംഗത്തെത്തി. മഴയില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതു സര്‍ക്കാര്‍ തീരുമാനപ്രകാരമാണെന്നും അതില്‍നിന്നു റിസോര്‍ട്ടിനെ ഒഴിവാക്കാനാവില്ലെന്നുമാണു നേതാക്കളുടെ വാദം.

ഉരുള്‍പൊട്ടലിനേത്തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടാനുള്ള സബ് കലക്ടറുടെ ഉത്തരവിനെയും എം.എല്‍.എ. എതിര്‍ത്തിരുന്നു. മണ്ണിടിഞ്ഞതിന്റെ പേരില്‍ റിസോര്‍ട്ട് പൂട്ടുന്നത് അനീതിയാണെന്നായിരുന്നു രാജേന്ദ്രന്റെ നിലപാട്.

കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ വിദേശികളടക്കം 54 വിനോദസഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങിയിരുന്നു. സൈന്യമുള്‍പ്പെടെ 10 മണിക്കൂര്‍ പരിശ്രമിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. കഴിഞ്ഞ വര്‍ഷകാലത്തും റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടിയിരുന്നു. അന്നു റവന്യൂ വകുപ്പ് നല്‍കിയ സ്റ്റോപ് മെമ്മൊയ്ക്കെതിരേ കോടതിവിധി സമ്പാദിച്ചാണു പ്രവര്‍ത്തനം പുനരാരംഭിച്ചത്.

Related posts