തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേടില്‍ കൂടുതല്‍ പരാതികള്‍. പിഎസ്സി നടത്തിയ പല പരീക്ഷകളിലും ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് പരീക്ഷകളുടെ വിവരങ്ങളും ഫയലുകളും നല്കാന് പിഎസ്സി ചെയര്മാന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കത്ത് നല്‍കും.
പിന്നാക്ക വികസന കോര്പറേഷന് പ്രോജക്ട് അസിസ്റ്റന്റ് നിയമന പരീക്ഷയ്ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ പരീക്ഷയുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. നേരത്തെ ആസൂത്രണ ബോര്‍ഡില്‍ ചീഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചാണ് വ്യാപക പരാതികള്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഈ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിഎസ്സിക്കെതിരേ ഗുരുതരമായ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്.ഒന്‍പത് ലക്ഷത്തില്‍പരം രൂപ വാര്‍ഷിക ശമ്പളം ലഭിക്കുന്ന തസ്തികയിലേക്കാണ് ആസൂത്രണ ബോര്‍ഡിലെ നിയമനം നടന്നത്.
ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ഥിയുടെ ചോദ്യപേപ്പറില്‍ മൂല്യ നിര്‍ണയം ശരിയായ രീതിയില്‍ നടത്തിയിരുന്നില്ലെന്ന് ആരോപണം ഉയരുകയും ഇത് കണ്ടെത്തുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഐജി. അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് പിഎസ്സി പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്നത്.
പല തസ്തികകളിലും പിഎസ്സി ചെയര്‍മാനുമായി അടുപ്പമുള്ളവരാണ് നിയമിക്കപ്പെട്ടതെന്ന ആരോപണം ഭരണപക്ഷ യുവജന സംഘടനകള്‍ ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു.
