ഒരു മത്സരത്തിനു ശേഷം ആദ്യമായി എന്റെ മകളുടെ കണ്ണു നിറയുന്നത് ഞാന്‍ കണ്ടു! ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാനമായ പി വി സിന്ധുവിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു

ഇന്ത്യണ്‍ ബാഡ്മിന്റണിന് എക്കാലവും അഭിമാനിക്കാവുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കിയ പെണ്‍കൊടിയാണ് പിവി സിന്ധു. ഒളിമ്പിക്‌സില്‍ നേടിയെടുത്ത വെള്ളി മെഡല്‍ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ കുതിപ്പിന് ഊര്‍ജം പകരുന്നതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ സിന്ധു വെള്ളിയും നേടിയിരുന്നു. ഈയവസരത്തിലാണ് ഒരു അച്ഛനെ ഏറ്റവുമധികം സങ്കടപ്പെടുത്തുന്ന കാഴ്ച എന്നു പറഞ്ഞുകൊണ്ട് ബാഡ്മിന്റണ്‍താരം പിവി സിന്ധുവിന്റെ അച്ഛന്‍ പി.വി രമണ മകളുടെ കണ്ണീരിനെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹം പറയുന്നതിങ്ങനെ..

‘ഒരു മത്സരത്തിനു ശേഷം ആദ്യമായി എന്റെ മകളുടെ കണ്ണു നിറയുന്നത് ഞാന്‍ കണ്ടു. വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനിലെ നൊസോമി ഒകുഹാരയോടു പരാജയപ്പെട്ടപ്പോഴായിരുന്നു അത്. മത്സരത്തില്‍ സിന്ധുവിനു സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്കുറപ്പാണ് അവള്‍ കളിക്കളത്തില്‍ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. സ്‌കോര്‍ നിര പരിശോധിച്ചാല്‍ അതു വ്യക്തമാവും. കളിക്കളത്തില്‍ അവള്‍ പരാജയപ്പെട്ടതില്‍ എനിക്കും നിരാശയുണ്ട്. പക്ഷേ എതിരാളിയോട് ശക്തമായി പൊരുതിത്തന്നെയാണ് അവള്‍ പരാജയപ്പെട്ടത്. വിജയത്തിനുവേണ്ടി അവള്‍ ഇഞ്ചോടിഞ്ചു പോരാടിയതില്‍ എനിക്കഭിമാനമുണ്ട്. ആദ്യമായാണ് കളിക്കളത്തിലുണ്ടായ തോല്‍വിയുടെ പേരില്‍ എന്റെ മകള്‍ കരഞ്ഞത്.

എന്തായാലും കായികലോകത്തിനും കായികപ്രേമികള്‍ക്കും അഭിമാനിക്കാം. ഒകുഹാരയുടെയും സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനത്തിനു സാക്ഷികളാവാന്‍ ഏവര്‍ക്കും കഴിഞ്ഞല്ലോ. എങ്കിലും ഒരു കായികതാരത്തെ സംബന്ധിച്ച് വിജയത്തിനും പരാജയത്തിനും അതിന്റേതായ അര്‍ഥമുണ്ട്. സ്വര്‍ണ്ണമെഡല്‍ ലക്ഷ്യമിട്ടാല്‍ വെള്ളികൊണ്ടു തൃപ്തിപ്പെടാന്‍ അവര്‍ക്കാവില്ല. ഇത് സിന്ധുവിന്റെ മൂന്നാമത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരമായിരുന്നു. 2013 ലും 14 ലും അവള്‍ ബ്രോണ്‍സ് മെഡല്‍ നേടിയിരുന്നു. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൈന നെഹ്‌വാളിനു ശേഷമെത്തുന്ന രണ്ടാമത്തെ വനിതാകായികതാരമാണ് സിന്ധു. മത്സരത്തില്‍ സ്വര്‍ണ്ണം ലഭിക്കാതിരുന്നിട്ടും ജനങ്ങള്‍ അവള്‍ക്കു കൊടുക്കുന്നത് ഉപാധികളില്ലാത്ത സ്‌നേഹമാണ്. എന്റെ മകളോട് ഇന്ത്യക്കാര്‍ കാട്ടുന്ന സ്‌നേഹത്തിനും ബഹുമാനത്തിനും ഒരുപാടു നന്ദിയുണ്ട്. മുന്‍വോളിബോള്‍ താരം കൂടിയായ പി വി രമണ പറയുന്നു’.

 

Related posts