ഒരു വാഹനാപകടം അവളുടെ രണ്ടു കാലുകളും എടുത്തപ്പോള്‍ ലോകം അവളെ നോക്കി പരിതപിച്ചു ! എന്നാല്‍ തോറ്റുപിന്മാറാന്‍ തയ്യാറല്ലായിരുന്ന ആ പെണ്‍കുട്ടി ഒടുവില്‍ നീന്തിയെടുത്തത് ഒളിമ്പിക്‌സ് മെഡല്‍…

മറ്റുകുട്ടികള്‍ ഓടിച്ചാടി നടക്കുമ്പോള്‍ ചാന്‍ ഹോങ് യാന്‍ എന്ന ചൈനീസ് പെണ്‍കുട്ടിയുടെ ജീവിതം മറ്റൊരു തരത്തിലായിരുന്നു. പറന്നു നടക്കേണ്ട പ്രായത്തില്‍ ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി അവളുടെ ഇരുകാലുകളും കവര്‍ന്നെടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം 2014–ല്‍ യുവാന്‍ പ്രൊവിന്‍ഷ്യല്‍ പാരാലിംപിക്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ബ്രസ്റ്റ്‌സ് ട്രോക്കില്‍ നീന്തല്‍ പട്ടം കാലുകളില്ലാത്ത ഈ പെണ്‍കുട്ടി തലയിലേറ്റിയപ്പോള്‍ ലോകം അവളെ അദ്ഭുതത്തോടെ നോക്കി. അവളുടെ ജീവിതകഥ എല്ലാവരും അറിഞ്ഞു. ഇന്നു ചാന്‍ അറിയപ്പെടുന്നതു ചൈനയിലെ അംഗപരിമിതരുടെ മുഖം എന്നാണ്.

അവളുടെ ജീവിതം മാറിമറിഞ്ഞതു 2000ലെ ഒരു സായാഹ്നത്തിലാണ്. ചൈനയിലെ മലനിരകള്‍ നിറഞ്ഞ തെക്കു പടിഞ്ഞാറന്‍ മേഖലയായ യുനാന്‍. നാലു വയസ്സുകാരിയായ കൊച്ചു ചാന്‍ റോഡ് കുറുകെ കടക്കവെ വളവു തിരിഞ്ഞു വന്ന ഒരു ട്രക്ക് അവളെ ഇടിച്ചു വീഴ്ത്തി. ആ കൊച്ചു ശരീരത്തിനു മുകളിലൂടെ ആ വാഹനം നിര്‍ത്താതെ പാഞ്ഞുപോയി. ഓടിക്കൂടിയ നാട്ടുകാരാണ് അവളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞു മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയിലെത്തി. ഡോക്ടര്‍മാരുടെ തീവ്രശ്രമം കൊണ്ടാണു ജീവന്‍ തിരിച്ചു കിട്ടിയത്. പക്ഷേ, പൂര്‍ണമായും തകര്‍ന്ന ഇരു കാലുകളും അരയ്ക്കു താഴേക്കു മുറിച്ചു മാറ്റേണ്ടി വന്നു.

അവള്‍ക്ക് ഒരു കൃത്രിമകാല്‍ വെച്ചുപിടിപ്പിക്കാനോ വീല്‍ചെയര്‍ വാങ്ങാനോ ഉള്ള സാമ്പത്തിക ശേഷി മാതാപിതാക്കള്‍ക്ക് ഇല്ലായിരുന്നു. വീട്ടില്‍ തന്റെ മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ അവള്‍ ഒതുങ്ങിക്കൂടി. ഏഴു വയസ്സായപ്പോള്‍ വീടിനു പുറത്തേക്കു ചാന്‍ നിരങ്ങിയിറങ്ങി. കൈകള്‍ നിലത്തു കുത്തി ഇഴഞ്ഞു നീങ്ങുമ്പോള്‍ ശരീരം നിലത്തുരഞ്ഞു കീറി വേദനിക്കാന്‍ തുടങ്ങി. ചോര പൊടിയുന്ന അരക്കെട്ടുമായി മുറ്റത്തു നിന്നു കയറി വരുന്ന മകള്‍ മാതാപിതാക്കള്‍ക്ക് എന്നും ഒരു വേദനയായിരുന്നു. പക്ഷേ, എത്ര വേദനിച്ചാലും കരയാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.

ശരീരം നിലത്തുരഞ്ഞു മുറിപ്പെടുന്നതിനു പരിഹാരം കണ്ടതു ചാനിന്റെ മുത്തച്ഛനാണ്. അദ്ദേഹം ഒരു പഴയ ബാസ്‌കറ്റ് ബോള്‍ മുറിച്ചു അതിനകത്തു ചാനിന്റെ ശരീരം തിരുകിക്കയറ്റി. നിലത്തു കുത്തി സഞ്ചരിക്കാന്‍ പാകത്തില്‍ 2 കൈപ്പിടികള്‍ ക്കൂടി നിര്‍മിച്ചു നല്‍കി. ഒരിക്കല്‍ ഒരു പത്രത്തില്‍ വന്ന അവളുടെ ഫോട്ടോയും വാര്‍ത്തയും ആ ജീവിതം തന്നെ മാറ്റിമറിച്ചു.

തെരുവിലൂടെ ബാസ്‌കറ്റ് ബോളിനകത്തിരുന്നു സഞ്ചരിക്കുന്ന ചാനിന്റെ ചിത്രവും വാര്‍ത്തയും ‘ബാസ്‌കറ്റ് ബോള്‍ ഗേള്‍’ എന്ന തലക്കെട്ടില്‍ വന്ന ചിത്രവും വാര്‍ത്തയും ചര്‍ച്ചയായതോടെ ചൈനയിലെ പൊതുജന സുരക്ഷാ മന്ത്രാലയത്തിന്റെ സഹായത്തോടെ ബെയ്ജിംഗില്‍ പ്രവര്‍ത്തിക്കുന്ന റീഹാബിലിറ്റേഷന്‍ സെന്റര്‍ അവള്‍ക്കു കൃത്രിമക്കാലുകള്‍ നല്‍കി. അതവളെ വിധിക്കെതിരെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തയാക്കി.

കുട്ടിക്കാലം മുതല്‍ അവളുടെ പ്രിയപ്പെട്ട വിനോദമായിരുന്നു നീന്തല്‍. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള ഒരു സ്വിമ്മിംഗ്് ക്ലബ്ബില്‍ അവള്‍ അംഗമായി. പക്ഷേ, അരയ്ക്കു താഴേക്കു പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നതിനാല്‍ നീന്തല്‍ ആദ്യമൊക്കെ ബാലികേറാമലയായിരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്നില്ല. വെള്ളം കുടിച്ചും ശ്വാസം മുട്ടിയും അവള്‍ വലഞ്ഞു. പക്ഷേ നീന്തല്‍ പഠിക്കണം എന്ന ആഗ്രഹത്തെ തടയാന്‍ ഇതൊന്നും ഒരു കാരണമായില്ല. ദിവസവും 4 മണിക്കൂര്‍ ചാന്‍ നീന്തല്‍ പരിശീലിച്ചു. പതുക്കെ, പരിശ്രമത്തിനു ഫലം കണ്ടു. ആദ്യം വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ പഠിച്ചു. തുടര്‍ന്നു നീന്താന്‍ തുടങ്ങി. പതിനായിരം മീറ്റര്‍ വരെ ഒരു ദിവസം നീന്തുന്ന തരത്തിലേക്ക് അവള്‍ വളര്‍ന്നു. തുടര്‍ന്നാണു മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്.

2009 ല്‍ ചൈനീസ് പാരാലിംപിക്‌സ് നീന്തല്‍ മത്സരത്തില്‍ ചാംപ്യനായതോടെ അവളുടെ ആത്മവിശ്വാസം വര്‍ധിച്ചു. 2014 ല്‍ യുവാന്‍ പ്രൊവിന്‍ഷ്യല്‍ പാരാലിംപിക്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ബ്രസ്റ്റ്‌സ് ട്രോക്കില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെ ചാന്‍ പ്രശസ്തിയിലേക്കുയര്‍ന്നു. 2016 ലെ റിയോ പാരാലിംപിക്‌സിലും ജേതാവായി. ഇപ്പോള്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളാണു ചാന്‍ ഹോങ്‌യാന്‍. പരിമിതികള്‍ക്കിടയില്‍ നിന്ന് ഇത്രയധികം നേട്ടങ്ങള്‍ കൊയ്ത ചാനിനെക്കാള്‍ നല്ലൊരു മാതൃക ചൈനീസ് യുവതയ്ക്ക് ഇല്ലെന്നാണ് രാജ്യത്തെ പ്രമുഖരെല്ലാം ഒരേസ്വരത്തില്‍ പറയുന്നത്.

Related posts