നവമാധ്യമങ്ങളിലും യുവാക്കളുടെയിടയിലും ട്രെന്‍ഡായി രാഹുല്‍ ജാക്കറ്റ്! പാര്‍ട്ടിയിലെ യുവ നേതാക്കളും ജാക്കറ്റ് ഏറ്റെടുത്തതോടെ ‘കോണ്‍ഗ്രസ് ട്രെന്‍ഡെ’ന്നും വിലയിരുത്തല്‍

സിനിമാക്കാരിലും രാഷ്ട്രീയക്കാരിലും നിന്നാണ് പലപ്പോഴും ട്രെന്‍ഡുകള്‍ സമൂഹത്തില്‍ രൂപം പ്രാപിക്കുന്നത്. പ്രത്യേകിച്ച് വസ്ത്രങ്ങള്‍. സമാനമായ രീതിയില്‍ രാജ്യത്തിനകത്തും പുറത്തും ട്രെന്‍ഡായി മാറിയ ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോട്ട്. മോദിയുടെ കോട്ടിന്റെ ഖ്യാതി വിദേശരാജ്യങ്ങളില്‍ വരെ എത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഒരു ജാക്കറ്റും ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ യുവാക്കളുടെയിടയില്‍ ട്രെന്‍ഡായി മാറിയിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജാക്കറ്റാണ് രാഹുല്‍ തന്റെ പുതിയ ജാക്കറ്റിലൂടെ ഓര്‍മിപ്പിച്ചിരിക്കുന്നത്.

മോദിയുടേതില്‍ നിന്ന് വ്യത്യസ്തമായി ജാക്കറ്റില്‍ പുത്തന്‍ പരീക്ഷണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്. വടിവൊത്ത, എക്‌സിക്യൂട്ടീവ് ജാക്കറ്റിന് പകരം സ്ട്രീറ്റ് ജാക്കറ്റാണ് രാഹുല്‍ പരീക്ഷിച്ചത്. ക്വില്‍റ്റഡ് ജാക്കറ്റ് എന്നാണിവ അറിയപ്പെടുന്നത്.

രാഹുലിന്റെ ജാക്കറ്റ് സച്ചിന്‍ പൈലറ്റും നവജ്യോത് സിദ്ദുവും ഏറ്റെടുത്തതോടെ കോണ്‍ഗ്രസിന്റെ ഫാഷനായും ജാക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധിയും സ്ഥിരമായി ജാക്കറ്റ് ധരിക്കുമായിരുന്നു. എന്നാല്‍ ഇതിനേക്കാളൊക്കെ പ്രത്യേകത, രാഹുലിന്റെ ജാക്കറ്റ് തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നതാണ്. മോദി, നെഹ്‌റു എന്നിവരുടേതുപോലെ വിലയേറിയതോ, ബ്രാന്‍ഡഡോ അല്ല, രാഹുലിന്റേത്.

Related posts