പ്രസംഗത്തിനിടെ പേര് പരാമര്‍ശിച്ചു! പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു; പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ഏറെ ആകര്‍ഷിച്ചത് ജയ്‌സലിന്റെ പ്രവര്‍ത്തി

പ്രളയ മുഖത്ത് മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായ മത്സ്യത്തൊഴിലാളികള്‍ക്ക് നാടിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പാരിതോഷികങ്ങള്‍ സര്‍ക്കാര്‍ അവര്‍ക്കായി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മടക്കി നല്‍കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതും.

അവരുടെ ഈ തീരുമാനത്തിനും മലയാളി നിറഞ്ഞ കൈയ്യടിയാണ് സമ്മാനിച്ചത്. പ്രളയ ബാധിത മേഖലകളില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കണ്ണുടക്കിയതും ഈ മത്സ്യത്തൊഴിലാളികളുടെ സേവനത്തിലാണ് എന്നത് ഏവരും ശ്രദ്ധിച്ചിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ നെഞ്ച് വിരിച്ച് വന്നവരാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സൈന്യമെന്ന് അദ്ദേഹം പ്രശംസിച്ചു. ചടങ്ങിനിടെ പ്രദര്‍ശിപ്പിച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നുമിനിറ്റ് വിഡിയോയില്‍, രാഹുല്‍ ഗാന്ധി കണ്ണിയ്ക്കാതെ നോക്കിയിരുന്നത്, രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയാക്കി നല്‍കി ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങിയ ജയ്‌സലിലായിരുന്നു. പ്രസംഗത്തിനിടെ ആരോ ജയ്‌സലിനെ പരിചയപ്പെടുത്തിയപ്പോള്‍ രാഹുല്‍ അക്കാര്യം എടുത്ത് പറയുകയും ചെയ്തു. ആദരിച്ച ശേഷം രാഹുല്‍ ജയ്‌സലിനെ മുറുകെ കെട്ടിപ്പിടിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ പ്രഖ്യാപിച്ചു. ദുരിതബാധിതര്‍ക്ക് കെപിസിസി ഒരുക്കുന്ന വീടുകളുടെ നിര്‍മാണത്തിനുള്ള പ്രാരംഭതുകയും രാഹുല്‍ ഏറ്റുവാങ്ങി.

ഇടനാട്ടിലെ പ്രളയ മേഖലകളിലും രാഹുല്‍ എത്തി. ഓഖി ദുരന്തകാലത്ത് മല്‍സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളില്‍ തൃപ്തനല്ലെന്ന് രാഹുല്‍ പറഞ്ഞു. എത്തിച്ചേര്‍ന്ന എല്ലായിടങ്ങളിലും ദുരിതബാധിതരുമായും ദുരിതാശ്വാസ പ്രവര്‍ത്തകരുമായും പരമാവധി ആശയ വിനിമയം നടത്താനും കോണ്‍ഗ്രസ് അധ്യക്ഷന്‍ സമയം കണ്ടെത്തി.

Related posts