ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 44 പോയിന്റ് നേടിയപ്പോള്‍ മോദിയിക്ക് നേടാനായത് 35 പോയിന്റ് മാത്രം! ബിജെപി കോട്ടകളെ ഞെട്ടിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നടത്തിയ അന്വേഷണ ഫലം

പപ്പു എന്നും മോദിയ്ക്ക് യോജിക്കാത്ത എതിരാളിയെന്നുമൊക്കെയുള്ള വിളികളില്‍ നിന്നും രാഹുല്‍ ഗാന്ധി ഏറെ മുന്നോട്ട് പോയിരിക്കുന്നു എന്നത് അവസാനം നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യക്തമാണ്.

ഇപ്പോഴിതാ അതിന് പുതിയ വ്യക്തതയും വന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലാക്കി കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതലാളുകള്‍ ഗൂഗിളില്‍ തിരഞ്ഞ രാഷ്ട്രീയ നേതാവെന്ന നേട്ടമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തമാക്കിയിരിക്കുന്നത്. 2018 ജനുവരി ഒന്നിനും 2019 ജനുവരി 6നും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണം കണക്കാക്കി ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

2014 ലേതു പോലെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അത്ര എളുപ്പമുള്ളതാകില്ലെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവ് വേണ്ടെന്നാണ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മോദിയുമായും രാഹുല്‍ ഗാന്ധിയുമായും ബന്ധപ്പെട്ട കീവേര്‍ഡുകള്‍ ഗ്രാഫുകളുടെ സഹായത്തോടെയാണ് ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ വിശദീകരിക്കുന്നത്.

ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോദിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയില്‍ രാഹുല്‍ 49 പോയിന്റും മോദി 38 പോയിന്റും നേടി. 2014 ല്‍ മോദി ആയിരുന്നു ഈ നേട്ടത്തില്‍ മുന്നില്‍. അന്ന് രാഹുല്‍ ഗാന്ധിക്ക് 4 പോയിന്റ് മാത്രമാണ് ഉണ്ടായിരുന്നത്, മോദിക്കാകട്ടെ, 37 പോയിന്റും.

മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വിഭിന്നമായി നവമാധ്യമങ്ങളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയതിലടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ട്വിറ്ററിലും രാഹുലിന്റെ പിന്തുണ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോദിയേക്കാള്‍ കൂടിയിട്ടുണ്ടെന്നും പുതിയ കണക്കുകള്‍ പറയുന്നു.

Related posts