തൃശൂര്‍: ഇ20 പെട്രോൾ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഇ20 പെട്രോളിൽ ആശങ്ക വേണ്ടെന്ന് അറിയിച്ച കേന്ദ്രമന്ത്രി ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇ20 നടപ്പാക്കിയതെന്നും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നു. റിഫൈനറിയില്‍ നിന്ന് നേരിട്ട് സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചാല്‍ കൃത്യമായ ഫലം ലഭിക്കും. കന്നാസില്‍ കൊണ്ടുവന്ന് കലക്കി ഇന്ധനം പരിശോധിച്ചാല്‍ മായം കലരാന്‍ സാധ്യതയുണ്ടെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.
ഇ 20 പെട്രോളിനെക്കുറിച്ച് ഒരു ആശങ്കയും വേണ്ട. ഭൂമിയിലെ ജലസ്രോതസുകളെക്കുറിച്ചൊക്കെയാണ് പുതിയ വാദങ്ങള്‍ വരുന്നത്. കന്നാസില്‍ കലക്കി കൊണ്ടുവന്ന് ആരെങ്കിലും ഇരുപത്തിയേഴും ഇരുപത്തിയെട്ടും ഒക്കെ ആക്കിയോ എന്ന് പിന്നെ പരിശോധിക്കുമെന്നും സുരേഷ്ഗോപി കൂട്ടിച്ചേർത്തു.
