എനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എങ്ങനെയും സിനിമയിലെത്തുകയായിരുന്നു ലക്ഷ്യം ! താനും രാംചരണും പത്താംക്ലാസ് തോറ്റവരെന്ന് തുറന്നു പറഞ്ഞ് റാണ ദഗുബാട്ടി…

ബാഹുബലിയിലൂടെ ഇന്ത്യ ഒട്ടുക്ക് ആരാധകരെ സൃഷ്ടിച്ച താരമാണ് റാണ ദഗുബാട്ടി. നായകന്‍ ബാഹുബലിയേക്കാള്‍ പലര്‍ക്കും ഇഷ്ടമായത് വില്ലന്‍ പല്‍വാല്‍ദേവനായി വന്ന റാണയുടെ പ്രകടനമായിരുന്നു. ഇന്ന് തെലുങ്ക് സിനിമയില്‍ വില്ലനാകട്ടെ നായകനാകട്ടെ കഥാപാത്രങ്ങള്‍ റാണയുടെ കൈയ്യില്‍ ഭദ്രമാണ്. എന്നാല്‍ സിനിമയിലെത്തുന്നതിനു മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

തനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നാണ് റാണ പറയുന്നത്. എങ്ങനെയും സിനിമയിലെത്തുക എന്നു തന്നെയായിരുന്നു പണ്ടും താത്പര്യം.’എന്റെ മുത്തച്ഛന്‍ (ഡി രാമനായ്ഡു) ഒരിക്കലും എന്റെ പഠനത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല. ഞാന്‍ എഡിറ്റിങ് പഠിക്കുന്നുണ്ടെന്നും വായിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ മറ്റു കഴിവുകള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്.”ഞാന്‍ എന്റെ പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടു,’ റാണ പറയുന്നു. പിന്നീട് മറ്റൊരു സ്‌കൂളില്‍ പത്താംക്ലാസ് എഴുതിയെടുക്കാന്‍ ചേര്‍ന്നപ്പോള്‍ അവിടെ വച്ചാണ് രാം ചരണിനെ പരിചയപ്പെട്ടതെന്നും റാണ ഓര്‍ക്കുന്നു. രാം ചരണും പത്താം ക്ലാസ് പരീക്ഷ തോറ്റ് അവിടെ എത്തിയതായിരുന്നു. അങ്ങനെയാണ് തങ്ങളിരുവരും സുഹൃത്തുക്കളാവുന്നതെന്നും റാണ പറയുന്നു.

സിനിമ തന്നെയാണ് തന്റെ ജീവിതം എന്ന് പണ്ടേ ഉറപ്പിച്ച ആളായിരുന്നു താനെന്നും റാണ ഓര്‍മ്മിക്കുന്നു. ‘ഞാന്‍ വളര്‍ന്നത് സിനിമയുടെ സെറ്റുകളിലാണ്. ഹൈദരാബാദിലെ ആ വീട് എപ്പോഴും സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്നു. ഞാന്‍ താമസിച്ചിരുന്നത് മുകളിലെ നിലയിലായിരുന്നു. താഴത്തെ നിലയിലായിരുന്നു ചിത്രീകരണം. സിനിമയുടെ സെറ്റില്‍ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്.’ റാണ പറയുന്നു.

തന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ ബാഹുബലിയെ കുറിച്ചും റാണ സംസാരിച്ചു. ബാഹുബലിക്ക് മുമ്പ് തനിക്ക് പ്രഭാസിനെ പരിചയം ഉണ്ടായിരുന്നില്ലെന്നും റാണ പറയുന്നു. ‘പ്രഭാസില്‍ നിന്നും ഞാന്‍ പഠിച്ച ആദ്യ പാഠം ക്ഷമയാണ്. വിശ്വസിക്കാനാകില്ല, അത്ര ക്ഷമയാണ് പ്രഭാസിന്. അദ്ദേഹമാണ് ബാഹുബലിയുടെ നെടുംതൂണ്‍. ചോദ്യം ചെയ്യാനാകാത്ത പിന്തുണയാണ് പ്രഭാസ് ആ ചിത്രത്തിന് നല്‍കിയത്.’

‘ആ സമയത്തിനുള്ളില്‍ പ്രഭാസിന് മിര്‍ച്ചി പോലെ തുടര്‍ച്ചയായ വിജയങ്ങള്‍ ഉണ്ടായിരുന്നു. ബാഹുബലിക്കായി മാറ്റി വച്ച അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രഭാസിന് എത്ര ചിത്രങ്ങള്‍ ചെയ്യാമായിരുന്നു എന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാമോ? അദ്ദേഹത്തിന് എന്തുമാത്രം സമ്പാദിക്കാമായിരുന്നു ആ സമയംകൊണ്ട്? ഒരു സെക്കന്‍ഡ് പോലും അദ്ദേഹം അതൊന്നും ചിന്തിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സമര്‍പ്പണം, ക്ഷമ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ റാണ പറയുന്നു.

Related posts