മുണ്ടക്കയം: റേഷൻ കടയിൽനിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോൾ വെള്ളത്തിനും അരിക്കും നീല നിറം. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാറ്റിൽ പ്രവർത്തിക്കുന്ന റേഷൻകടയിൽനിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീല നിറം വന്നത്.
ഏന്തയാർ സ്വദേശി നിരപ്പേൽ ബിജു തോമസ് വാങ്ങിയ പച്ചരിക്കാണ് നിറംമാറ്റമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് ബിജു തോമസ് റേഷൻകടയിൽ നിന്നും അഞ്ചു കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി അരി കഴുകിയപ്പോൾ അരിക്കും വെള്ളത്തിനും നീലനിറം ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ റേഷൻ കടയിലെത്തി കടക്കാരനെ വിവരം ധരിപ്പിച്ചു.
അരി മാറ്റിത്തരാമെന്ന് വ്യാപാരി പറഞ്ഞെങ്കിലും ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്തുവാൻ ബിജു തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിൽ പരാതി നൽകി. ഇന്ന് ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ബിജു പറഞ്ഞു.
വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതൽ ഉണ്ടെങ്കിൽ നിറം മാറ്റമുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്ന് മറ്റൊരു കടയിൽ നിന്നും പച്ചരി വാങ്ങി ഇതേ വെള്ളത്തിൽ കഴുകി നോക്കിയെങ്കിലും നിറംമാറ്റമുണ്ടായില്ലെന്നും ബിജു പറയുന്നു.
