പരവൂർ: രാജ്യത്ത് വർധിച്ചുവരുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ കോളേജ് വിദ്യാർഥികളിൽ സുരക്ഷിത ഡിജിറ്റൽ ബാങ്കിംഗ് ശീലങ്ങൾ വളർത്തുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീലാത്തോൺ – 2026(RBI) കാമ്പയിന് കേരളത്തിൽ തുടക്കം കുറിച്ചു.
തിരുവനന്തപുരത്തെ ആർബിഐ ഓഫീസിൽ വച്ചാണ് ഈ വിപുലമായ ബോധവത്കരണ പദ്ധതിക്ക് തുടക്കമിട്ടത്. കാമ്പയിനിലൂടെ സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ, വ്യാജ ലോൺ ആപ്പുകളുടെ കെണികൾ, തട്ടിപ്പുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്നിവ വിദ്യാർഥികളിലേക്ക് എത്തിക്കും.
കേരളത്തിലെ 150 ഓളം കോളജുകളെ കേന്ദ്രീകരിച്ചാണ് ഈ മൾട്ടി ഫേസ് അവയർനസ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒന്നാം ഘട്ടം: സ്മാർട്ട് ബോറോയിംഗ് (സുരക്ഷിത വായ്പയെടുക്കൽ) രീതികളെക്കുറിച്ചും സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിംഗ് ശീലങ്ങളെക്കുറിച്ചുമുള്ള ക്ലാസുകളും ബോധവത്കരണ പരിപാടികളും കോളജുകളിൽ നടക്കും.
രണ്ടാം ഘട്ടം:
വിദ്യാർഥകളുടെ സർഗാത്മകത പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മത്സരമാണ് ഈ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. വ്യാജ ലോൺ ആപ്ലിക്കേഷനുകൾ, മ്യുൾ അക്കൗണ്ടുകൾ, സൈബർ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾക്ക് ഹ്രസ്വ വീഡിയോകൾ (റീലുകൾ) തയാറാക്കി സമർപ്പിക്കാം.
വ്യാജ നിക്ഷേപ പദ്ധതികൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, അനധികൃത ലോൺ ആപ്പുകൾ തുടങ്ങിയവയാണ് നിലവിൽ മൊബൈൽ ഉപയോക്താക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് നടന്നു വരുന്ന പ്രധാന സൈബർ കുറ്റകൃത്യങ്ങളെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം കെണികളിൽ വീഴാതിരിക്കാൻ പാസ്വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കുക, ലിങ്കുകളും ആപ്ലിക്കേഷനുകളും കൃത്യമായി പരിശോധിക്കുക, ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവെക്കാതിരിക്കുക തുടങ്ങിയ ‘സൈബർ ശുചിത്വം’ പാലിക്കണമെന്ന് കാമ്പയിൻ ഓർമിപ്പിക്കും.
തട്ടിപ്പിനിരയായാൽ തൊട്ടടുത്തുള്ള ആദ്യത്തെ കുറച്ചു സമയം വളരെ നിർണായകമാണ്. ഈ സമയത്തിനുള്ളിൽ തന്നെ തട്ടിപ്പ് വിവരം അധികൃതരെ റിപ്പോർട്ട് ചെയ്താൽ പണമിടപാടുകൾ മരവിപ്പിക്കാനും നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനും സാധിക്കുമെന്ന് ആർബിഐ വ്യക്തമാക്കുന്നു.
ഈ വർഷം (2026) അവസാനത്തോടെ വിപുലമായ ഗ്രാൻഡ് ഫിനാലെയോടെയാണ് കാമ്പയിൻ സമാപിക്കുക. റീൽസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിദ്യാർതഥികൾക്ക് യഥാക്രമം 75,000, 50,000, 25,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.
വിദ്യാർഥികൾ തയാറാക്കുന്ന മികച്ച ബോധവത്കരണ റീലുകൾ കേരള പോലീസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പ്രമുഖ ബാങ്കുകൾ, മറ്റ് പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
