കണ്ണടക്കാര്യത്തില്‍ ശൈലജ ടീച്ചര്‍ക്ക് മാതൃകയായത് സ്വന്തക്കാര്‍ തന്നെ ! ചിറ്റയം ഗോപകുമാര്‍ 48,000 രൂപ കണ്ണട വാങ്ങിക്കാന്‍ എടുത്തെങ്കില്‍ കോവൂര്‍ കുഞ്ഞുമോന്‍ എടുത്തത് 44,000; ജോണ്‍ ഫെര്‍ണാണ്ടസും എ.എം ആരിഫും മോശക്കാരല്ല…

കോട്ടയം: മന്ത്രി കെ.കെ ശൈലജ 28000 രൂപയുടെ കണ്ണട വാങ്ങിയത് അത്ര വലിയ കാര്യമൊന്നുമല്ല എന്നു മനസിലാക്കിത്തരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശൈലജയെക്കാള്‍ വില കൂടിയ കണ്ണട വാങ്ങിയവര്‍ ഈ നിയമസഭയിലുണ്ട് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നാല് ഭരണപക്ഷ എംഎല്‍എമാര്‍ വാങ്ങിയ കണ്ണടകള്‍ക്ക് ശരാശരി 45,000 രൂപ വില വന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപയെന്നാണ് റിപ്പോര്‍ട്ട്.

നിയമപരമായി ഇതു തെറ്റല്ലെങ്കിലും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുള്ള ഈ ധൂര്‍ത്ത് ചര്‍ച്ചയാവുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംഎല്‍എമാര്‍ ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകള്‍ക്കായി ഇത്രയും രൂപ റീ ഇമ്പേഴ്സ് ചെയ്ത വിവരമുള്ളത്. സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആര്‍.എസ്പി (ലെനിനിസ്റ്റ് ) നേതാവായ കോവൂര്‍ കുഞ്ഞുമോനും ജൂണ്‍ 30ന് പണം കൈപ്പറ്റി. എ.എം. ആരിഫിന് മാര്‍ച്ച് 15നും ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസിന് മെയ് 17 നും പണം കിട്ടി.

ചിറ്റയം ഗോപകുമാര്‍- 48,000 രൂപയും കോവൂര്‍ കുഞ്ഞുമോന്‍- 44,000രുപയും ജോണ്‍ ഫെര്‍ണാണ്ടസ്- 45,700രൂപയും എ.എം. ആരിഫ്- 43,800 രൂപയും കണ്ണടയ്ക്കായി കൈപ്പറ്റി. ചികില്‍സാ ചെലവിന്റെ പേരില്‍ എംഎല്‍എമാര്‍ വന്‍ തുകകള്‍ എഴുതി എടുക്കാറുണ്ട്. എന്നാല്‍ കണ്ണടയ്ക്കായി ഇങ്ങനെ തുക എഴുതിയെടുക്കുന്നത് മുന്‍ നിയമസഭകളില്‍ കേട്ടു കേഴ് വിയില്ലാത്ത കാര്യമാണ്. രണ്ടായിരം രൂപയ്ക്ക് പോലും നല്ല കണ്ണട കിട്ടും എന്നിരിക്കേയാണ് ഈ ധൂര്‍ത്ത്. എന്നാല്‍ കെ.കെ ശൈലജയുടെ കണ്ണട വിവാദം പ്രതിപക്ഷം ഏറ്റെടുത്തില്ലയെന്നതാണ് ശ്രദ്ധേയം. എംഎല്‍എ എന്ന നിലയില്‍ വന്‍ ആരോഗ്യ സഹായങ്ങള്‍ പ്രതിപക്ഷ എംഎല്‍എമാരും എഴുതിയെടുക്കാറുണ്ട്. ഈ സാഹചര്യത്തില്‍ വടികൊടുത്ത് അടിവാങ്ങുന്നത് പോലെ കണ്ണട വിവാദം സജീവ ചര്‍ച്ചയാക്കി പ്രതിപക്ഷം മാറ്റില്ല. ഇത് സര്‍ക്കാരിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ ചികില്‍സാ ചെലവിന്റെ രേഖകളും പുറത്തുവന്നിരുന്നു. അതിലും പല മന്ത്രിമാരും അസ്വാഭാവികമായി തുക എഴുതി എടുത്തിട്ടുണ്ട്. ഇതും പ്രതിപക്ഷം ചര്‍ച്ചയാക്കിയില്ല.

2017 ഒക്ടോബര്‍ 31 വരെ പൊതുഭരണവകുപ്പ് മുഖേന ചികിത്സാ ഇനത്തില്‍ കൈപ്പറ്റിയ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് തുകസംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്ക് ചികിത്സായിനത്തില്‍ അനുവദിക്കുന്ന തുകയ്ക്ക് പരിധികളൊന്നും നിഷ്‌കര്‍ഷിച്ചിട്ടില്ല. ഇത് പരമാവധി ഉപയോഗിക്കുകയാണ് എംഎല്‍എ മാരും മന്ത്രിമാരും. ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവുമധികം പണം ചികിത്സയ്ക്കായി സര്‍ക്കാരില്‍നിന്ന് വാങ്ങിയിട്ടുള്ളത്. രണ്ടാമത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മന്ത്രിസഭയിലെ അംഗങ്ങളാരുംതന്നെ വിദേശചികിത്സ നടത്തുന്നതിന് അപേക്ഷ നല്‍കിയിട്ടില്ല.

നിലവിലെ നിയമപ്രകാരം ചെലവാക്കിയ പണം തിരികെ ലഭിക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ആഡംബരനികുതി, ഭക്ഷണവില എന്നിവ ഒഴികെയുള്ള തുകയാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് നല്‍കുന്നത്. ഒരു ചില്ലികാശ് പോലും ചികില്‍സാ ഇനത്തില്‍ എഴുതിയെടുക്കാതെയാണ് തിലോത്തമനും എസ് മൊയ്തീനും രവീന്ദ്രനാഥും വ്യത്യസ്ഥരായത്.

 

 

Related posts