തെലുങ്ക് സിനിമാ വ്യവസായത്തിൽ സ്ത്രീകളോട് കാണിക്കുന്ന സമീപനത്തെപ്പറ്റി തുറന്നുപറഞ്ഞ ജാൻവി കപൂറിനെയും രാധിക ആപ്തെയെയും വിമർശിച്ച് നടി റെജീന കസാന്ദ്ര. ജാൻവിയും രാധികയും പറഞ്ഞ കാര്യങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാക്കിയ റെജീന അവർ പറഞ്ഞ രീതി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി. ഇരുവരും കാര്യങ്ങൾ അവതരിപ്പിച്ച രീതി ‘ഉത്തരേന്ത്യ– ദക്ഷിണേന്ത്യ’ എന്ന വിഭജനമുണ്ടാക്കുന്ന തരതത്തിലാണെന്ന് റെജീന വിമർശിച്ചു.
ഒരു അഭിമുഖത്തിലാണ് റെജീന ഇക്കാര്യത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. റെജീനയുടെ വാക്കുകൾ: ‘സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അഭിനേതാവിന്റെ കൈകളിലാണ്. അസ്വസ്ഥത തോന്നുന്ന കഥാപാത്രമാണെങ്കിൽ ആ സിനിമയിൽ നിന്ന് പിന്മാറുക. ‘‘മറ്റൊരു വഴിയുമില്ലായിരുന്നു’’ എന്ന് പറയേണ്ട അവസ്ഥയിലേക്ക് നമ്മൾ സ്വയം എത്തരുത്. ഇത് പുരുഷന്മാരോ സ്ത്രീകളോ എന്ന വിഷയമല്ല.
ഒരു പക്ഷവും ചേരാൻ ആഗ്രഹിക്കാത്ത, പുറത്തുനിന്നുള്ള ഒരാളെന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. തീർച്ചയായും, ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ എപ്പോഴും സ്ത്രീകൾക്ക് പിന്തുണ നൽകും. എന്നാൽ ജാൻവിക്കോ രാധികയ്ക്കോ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്ക് ആ സിനിമയിൽ നിന്ന് പിന്മാറാവുന്നതേയുള്ളൂ.
രംഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളടങ്ങിയ ‘ബൗണ്ട് സ്ക്രിപ്റ്റ്’ ലഭിക്കാത്തതുകൊണ്ട് ചില രംഗങ്ങൾ എങ്ങനെ ചിത്രീകരിക്കുമെന്ന് തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നു എന്ന ജാൻവിയുടെ വെളിപ്പെടുത്തലിനോടും റെജീന പ്രതികരിച്ചു. തെലുങ്ക്, തമിഴ് സിനിമകളിൽ പ്രവർത്തിച്ച തന്റെ അനുഭവങ്ങളും റെജീന പങ്കുവച്ചു. ‘ചില സിനിമകളിൽ, ചിത്രീകരണം നടക്കുന്ന ദിവസം രാവിലെ ആറുമണിക്ക് മാത്രമായിരിക്കും ചില രംഗങ്ങൾ ലഭിക്കുക.
എന്നാൽ സാധാരണയായി, കഥയും കഥാപാത്രവും സിനിമയുടെ പ്രമേയവും അറിയാവുന്ന സ്ഥിതിയുണ്ടാകും. അന്ന് ചിത്രീകരിക്കേണ്ട രംഗത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ അറിയില്ലെങ്കിൽ പോലും, സിനിമയെക്കുറിച്ചുള്ള മിക്ക കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് നമ്മൾ സെറ്റിലെത്തുന്നത്. ചില സിനിമകളിൽ, മുഴുവൻ തിരക്കഥയും അടങ്ങിയ പുസ്തകരൂപത്തിലുള്ള കോപ്പി നമുക്ക് ലഭിക്കും.
മുംബൈയിലെ സെറ്റുകൾ പൊതുവെ കൂടുതൽ ചിട്ടയുള്ളവയാണ്. അവിടെ ഷൂട്ടിംഗ് ഷെഡ്യൂളുകൾ, രംഗങ്ങളുടെ നമ്പറുകൾ, അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ എന്നിവ അടങ്ങിയ വിശദമായ ‘കോൾ ഷീറ്റുകൾ’ ഉണ്ടാകും. ഇവിടെ കാര്യങ്ങൾ എപ്പോഴും അത്ര ചിട്ടയോടെയായിരിക്കില്ല’ റെജീന പറഞ്ഞു.
സ്ത്രീകൾക്ക് ശബ്ദമുയർത്താനും നിലപാടുകൾ സ്വീകരിക്കാനും കഴിയുന്ന തരത്തിൽ ശാക്തീകരണം ലഭിക്കേണ്ടതുണ്ടെന്ന് റെജീന അഭിപ്രായപ്പെട്ടു. എന്നാൽ, സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്പ് തന്നെ ജാൻവിക്ക് തന്റെ ആശങ്കകൾ ഉന്നയിക്കാമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ ജാൻവി നടത്തിയ സംഭാഷണം പൂർണമായും കണ്ടിട്ടില്ലെങ്കിലും അതിനെക്കുറിച്ചുള്ള “മീമുകൾ’ താൻ കണ്ടിരുന്നുവെന്ന് റെജീന പറഞ്ഞു.
‘അവർ ഇതിനെക്കുറിച്ച് സംസാരിക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ, ഒരു ഉത്തരേന്ത്യൻ താരം ദക്ഷിണേന്ത്യൻ സിനിമയെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് എനിക്ക്. അംഗീകരിക്കാനാവില്ല. നിലവിൽ ഒരു വടക്ക്-തെക്ക് വിഭജനം ഇവിടെ നിലനിൽക്കുന്നുണ്ട്; ഹിന്ദി സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ദക്ഷിണേന്ത്യൻ താരം എന്ന നിലയിലാണ് ഞാൻ ഇക്കാര്യം പറയുന്നത്.’
ധർമ്മ പ്രൊഡക്ഷൻസുമായുള്ള തന്റെ അനുഭവവും റെജീന പങ്കുവച്ചു. അക്ഷയ് കുമാറിന്റെ ഭാര്യയായി അഭിനയിച്ച, ധർമ്മ പ്രൊഡക്ഷൻസിന്റെ ‘കേസരി ചാപ്റ്റർ 2’എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ഉണ്ടായിരുന്നിട്ടും സിനിമയുടെ പ്രചാരണ പരിപാടികളിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന് റെജീന പറഞ്ഞു.
വിവിധ സിനിമാ വ്യവസായങ്ങളിൽ പല നടിമാരും തങ്ങളെക്കാൾ പ്രായം കൂടിയ നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റെജീന, ആ വേഷത്തിൽ അസ്വസ്ഥത തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് രാധിക ആപ്തേ ആ സിനിമയിൽ നിന്ന് പിന്മാറിയില്ല എന്നും ചോദിച്ചു. ‘ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോരാൻ നിങ്ങൾക്ക് പൂർണ അവകാശമുണ്ട്. പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നതിനേക്കാൾ നല്ലത് അതാണ്.
ഒരുപക്ഷേ, നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് നിങ്ങൾ തള്ളിയിടപ്പെട്ടതാകാം. അത് എനിക്ക് പൂർണമായും മനസിലാകും. എന്നാൽ, നിങ്ങൾ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയല്ലല്ലോ.
ക്ഷമിക്കണം, നിങ്ങൾ പൂർണമായും നിസഹായയായ ഒരു അവസ്ഥയിലല്ല ഉള്ളത് എന്നാണ് ഉദ്ദേശിച്ചത്. ഇന്ന് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിയമപരമായ മാർഗങ്ങളുണ്ട്. തീർച്ചയായും, മുന്നോട്ട് വന്ന് ഇതിനെക്കുറിച്ച് സംസാരിക്കൂ, എന്നാൽ വടക്ക്-തെക്ക് വിഭജനം സൃഷ്ടിക്കരുത്. അത് സിനിമാ വ്യവസായത്തിന് വളരെ വളരെ മോശമാണ്’-റെജീനയുടെ വാക്കുകൾ.
