റോഡ് നന്നാക്കാനുള്ള നാട്ടുകാരുടെ പതിനെട്ടാമത്തെ അടവ്! റോഡുകളിലെ കുഴി കണ്ടെത്തൂ, മികച്ച കുഴികളുടെ ചിത്രങ്ങള്‍ക്ക് സമ്മാനവും നേടൂ; ഓണക്കുഴി മത്സരത്തിനായി നാട്ടുകാരെ ക്ഷണിച്ച് കെഎസ്‌യു

മൂന്നടി മണ്ണ് ചോദിച്ചെത്തിയ വാമനനന്‍ മാവേലിയെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി, അവിടെ നിന്ന് വര്‍ഷാ വര്‍ഷം ഓണക്കാലത്ത് തന്റെ പ്രജകളെ കാണാന്‍ മാവേലി എത്തുന്നു എന്നതാണ് പുരാണം. എന്നാല്‍ ഇപ്പോള്‍ മാവേലിയ്ക്ക് കേരളത്തില്‍ കാലുകുത്താന്‍ ഒരിടമെല്ലാണ് മലയാളി പ്രജകള്‍ പറയുന്നത്.

കാരണം, മഴക്കാലം കൂടി കഴിഞ്ഞതോടെ കേരളത്തിലെ ഒട്ടുമിക്ക റോഡുകളും തോടുകളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് പറയുന്നത് ഇത്തവണ മാവേലിക്ക് കാലുകുത്താന്‍ കഴിയില്ല എന്ന്. ഈയവസ്ഥ ജനപ്രതിനിധികളുടെ കണ്‍മുന്നില്‍ എത്തിക്കാനായി പത്തനംതിട്ട അടൂരെ നാട്ടുകാര്‍ അവസാനം ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്.

മഴക്കാലമെത്തിയതോടെ പത്തനംതിട്ട അടൂരെ മിക്ക റോഡുകളും തകര്‍ന്ന നിലയിലാണ്. ഇതിനെതിരെ നിരവധി ജനകീയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇതിനിടെയാണ് ഓണക്കുഴി മത്സരവുമായി അടൂരെ കെ.എസ്.യുക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. അടൂരിലെ റോഡുകളിലെ ഏറ്റവും മികച്ച കുഴി ഏതെന്ന് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഒപ്പം കുഴിയുടെ മികച്ച ചിത്രങ്ങള്‍ക്ക് സമ്മാനവും നല്‍കും.

എന്‍.എസ്.യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കുട്ടത്തിലിന്റെ നേത്യത്യത്തിലാണ് മത്സരം. ആഗസ്റ്റ് 15 രാത്രി പത്ത് മണി വരെ ചിത്രങ്ങള്‍ അയക്കാം. ഒന്നാം സ്ഥാനത്തിന് 501 രൂപയും കണ്ണടയുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 301രൂപയും, മൂന്നാം സ്ഥാനത്തിന് 201 രൂപയും നല്‍കും.

Related posts