റെയില്‍വേ പോലീസിന് എന്ത് ശിവന്‍കുട്ടി എന്ത് ആനാവൂര്‍ നാഗപ്പന്‍! പിണറായിയുടെ ബലത്തില്‍ കേരളാപോലീസിനോടു കളിക്കുന്ന കളി റെയില്‍വേ പോലീസിനോടു കളിച്ച നേതാക്കന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്…

തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ അജ്ഞാനുവര്‍ത്തികളായാണ് കേരളാപോലീസ് എന്നും പ്രവര്‍ത്തിക്കുന്നത്. ഭരണപക്ഷ സംഘടനകളും നേതാക്കന്മാരും ചെയ്യുന്ന അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. രണ്ട് ദിവസം പൊതു പണിമുടക്ക് നടത്തുമ്പോഴും ഇടത് നേതാക്കളുടെ മനസ്സില്‍ ഈ ചിന്തയായിരുന്നു. അതുകൊണ്ട് തന്നെ വാഹനം തടഞ്ഞും കടകള്‍ അടപ്പിച്ചും അവര്‍ നിരത്തുകളില്‍ നിറഞ്ഞു.

ഒടുവില്‍ ഒരു വെറൈറ്റിയ്ക്കു വേണ്ടി തീവണ്ടിയും അങ്ങ് തടഞ്ഞു. എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിന്‍ തടയല്‍ നടന്നു. എന്നാല്‍ റെയില്‍വേ പൊലീസിന് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്)കേരള സര്‍ക്കാരുമായി ബന്ധമില്ലെന്ന് സമരക്കാര്‍ ആരും ഓര്‍ത്തില്ല. ഇതിനാല്‍ തന്നെ പ്രമുഖ സിപിഎം നേതാക്കള്‍ അടക്കമുള്ളവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. പണിമുടക്കിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ തീവണ്ടി തടഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്കെതിരേ ആര്‍.പി.എഫ്. കേസെടുത്തു.

പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നു വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണസേന കേസെടുത്തത്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനുള്ള 174ാം വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലുമാകില്ല.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസമായി തടഞ്ഞത്. കേസ് വരുമെന്ന് സമരസമിതിക്കാര്‍ക്ക് അറിയാമായിരുന്നു. അപ്പോഴും നിസാര വകുപ്പുകള്‍ ചേര്‍ത്തുള്ള ജാമ്യമുള്ള കേസുകളാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റെയില്‍വേ പൊലീസ് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്)കടുത്ത തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ ആനാവൂരും കടകംപള്ളിയും അടക്കമുള്ള നേതാക്കള്‍ വെട്ടിലായി. കേരളത്തില്‍ ഉടനീളം ഇത്തരം കേസുകള്‍ ചാര്‍ജ് ചെയ്യും. ഇതോടെ പ്രമുഖരായ പല നേതാക്കള്‍ക്കും ഒളിവില്‍ പോകേണ്ട അവസ്ഥയാണുള്ളത്.

റെയില്‍വേയെ നിയന്ത്രിക്കുന്നത് കേരളാ പൊലീസല്ല. അതുകൊണ്ട് തന്നെ ജാമ്യം എടുത്തില്ലെങ്കില്‍ നേതാക്കള്‍ ജയിലില്‍ പോകേണ്ടി വരും. അതിവേഗം കുറ്റപത്രവും റെയില്‍വേ നല്‍കും. അങ്ങനെ വന്നാല്‍ കേസില്‍ വിചാരണയും. റെയില്‍വേ പിക്കറ്റിംഗിന്റെ ചിത്രമുള്ളതു കൊണ്ട് തന്നെ തെളിവുകളും ശക്തം. അതുകൊണ്ട് തന്നെ ശിവന്‍കുട്ടിയും ആനാവൂരും അടക്കമുള്ള നേതാക്കള്‍ ഊരാക്കുടുക്കിലാണ്.

റെയില്‍വേ പൊലീസിനെ സ്വാധീനിക്കാനുള്ള നീക്കവും നടക്കുന്നില്ല. അതുകൊണ്ട് തന്നെ റെയില്‍വേ പൊലീസിനെ പേടിച്ച് ഒളിവില്‍ പോകാന്‍ പല നേതാക്കളും നിര്‍ബന്ധിതമാകും. കേരളാ പൊലീസിലെ ചിലര്‍ റെയില്‍വേ പൊലീസിലുണ്ട്. എന്നാല്‍ അവരെല്ലാം ഡെപ്യൂട്ടേഷനില്‍ പോകുന്നവരാണ്. കേരളാ കേഡര്‍ ഐപിഎസുകാരനാണ് റെയില്‍വേ എസ്പിയും. അതുകൊണ്ട് തന്നെ കേരള സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് തീവണ്ടി തടയല്‍ കേസില്‍ നിന്ന് സമരക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല,

ചൊവ്വാഴ്ച ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് സ്റ്റേഷനുകളില്‍ വണ്ടി തടഞ്ഞതിന് 32 നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്. നാലു റെയില്‍വേ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ചെറുവത്തൂരില്‍ 12-ഉം കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും 10 വീതവും നേതാക്കള്‍ക്കെതിരേയാണ് കേസുള്ളത്. അനുവാദമില്ലാതെ റെയില്‍വേ പരിസരത്ത് കയറല്‍, നിയമാനുസൃതമുള്ള റെയില്‍വേ ജോലി തടസ്സപ്പെടുത്തല്‍, വണ്ടിതടയല്‍, യാത്ര തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. കണ്ടാലറിയുന്നവര്‍ക്കെതിരേ പിന്നീട് കേസെടുക്കും.

പണിമുടക്കിന്റെ രണ്ടാംദിനം കണ്ണൂര്‍ ജില്ലയില്‍ നാല് സ്റ്റേഷനുകളില്‍ തീവണ്ടി തടഞ്ഞു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഒരിടത്തും തടഞ്ഞില്ല. തലശ്ശേരി സ്റ്റേഷനില്‍ രാവിലെ മംഗളൂരു-കോഴിക്കോട് പാസഞ്ചറാണ് തടഞ്ഞത്. കണ്ണൂരില്‍ ബുധാഴ്ചയും ചെന്നൈ-മംഗളൂരു മെയില്‍ തടഞ്ഞു. അരമണിക്കൂറിനു ശേഷം വണ്ടി വിട്ടു. കണ്ണപുരത്ത് മംഗളൂരു-എഗ്മോറും പയ്യന്നൂരില്‍ തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസുമാണ് തടഞ്ഞത്.

കണ്ണൂരില്‍ തീവണ്ടി എന്‍ജിനു മുകളില്‍ കയറിയുള്ള പ്രസംഗവും വിവാദമാകുന്നു. ചൊവ്വാഴ്ച തീവണ്ടി തടഞ്ഞതിനു ശേഷം നേതാക്കള്‍ എന്‍ജിന് മുന്നിലെ ചെറിയ സ്ഥലത്ത് കയറി പ്രസംഗിച്ചതാണ് പ്രശ്‌നമായത്. ചൊവ്വാഴ്ച തലശ്ശേരി സ്റ്റേഷനില്‍ കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ തടഞ്ഞിരുന്നു. നേതാക്കള്‍ എന്‍ജിന്‍ പരിശോധിക്കുന്ന മുന്‍വശത്തെ സ്ഥലത്ത് കയറിയാണ് പ്രസംഗിച്ചത്. പാസഞ്ചറില്‍ ഡീസല്‍ എന്‍ജിനാണെങ്കിലും മുകളില്‍ 25000 വോള്‍ട്ട് പ്രവഹിക്കുന്ന വൈദ്യുതി ലൈന്‍ പോകുന്നുണ്ട്.

അബദ്ധത്തില്‍ കൊടിയോ മറ്റോ ലൈനില്‍ കുടുങ്ങിയാല്‍ അപകടം സംഭവിക്കും. ഇത്തരം പ്രസംഗത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മെയിലിന്റെ എന്‍ജിനിലും കയറിപ്പറ്റാന്‍ ചിലര്‍ ശ്രമിച്ചു. റെയില്‍വേ സുരക്ഷാവിഭാഗത്തിന്റെ ഇടപെടല്‍മൂലം നടന്നില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ സിപിഎം നേതാക്കളുടെ രാഷ്ട്രീയഭാവി തന്നെ അവതാളത്തിലാക്കാന്‍ പോന്ന പണിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സംഭവം കൈവിട്ടതോടെ കുറ്റാരോപിതരായ സിപിഎം നേതാക്കള്‍ നെട്ടോട്ടത്തിലാണെന്നാണ് വിവരം.

Related posts