ഇത് സജി തോമസ്. എരുമേലി മുക്കുട്ടുതറ മുകളേൽ തോമസിന്റെയും മറിയക്കുട്ടിയുടെയും രണ്ടു മക്കളിൽ ഇളയവൻ. തൊടുപുഴ മണക്കാട് താമസിക്കുന്നു. 2013 ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച. സജിയെ തേടി ദുരന്തം എത്തിയ ദിനം. സുഹൃത്തുമായി ചേർന്ന് ഒരു 407 ലോറിയെടുത്തു ശീതളപാനീയ കന്പനിക്കുവേണ്ടി ഓടുന്ന സമയം. ആനക്കയം തലയനാടാണ് ജോഷി കുര്യന്റെ നേതൃത്വത്തിലുള്ള മൈമൂണ് ശീതളപാനീയകന്പനി. അന്നൊരു ചൊവ്വാഴ്ച. ലോറിക്ക് ഓട്ടമില്ലാതിരുന്നതിനാൽ തിരക്കില്ല. കന്പനിയുടെ കോന്പൗണ്ടിലുള്ള റബർ മരത്തി െന്റ ചില്ലകൾ ഉണങ്ങി നില്ക്കുന്നു. വെറുതെയിരിക്കുന്നസ്വഭാവം സജിക്കില്ല. ഉണങ്ങിയ കന്പുകൾ ഒടിച്ചാൽ വണ്ടിയിൽ വീട്ടിൽ കൊണ്ടു പോകാം. വെറുതെ എന്തിനു സമയം കളയുന്നു. റബർമരത്തിൽ കയറി. സഹജീവനക്കാരിൽ ചിലർ താഴെയുണ്ട്്. ജോഷി കുര്യൻ സ്ഥാപനത്തിലാണ്. ഉണങ്ങിയ ശിഖരം തള്ളിതാഴെയിടണം. നീളമുള്ള ഇരുന്പ് പൈപ്പും കൊണ്ട് അഞ്ചാൾ പൊക്കത്തിൽ ഒരു മരത്തിൽ സുരക്ഷിതമായി ഇരുന്നു. ഉണങ്ങിയ ശിഖരം പൈപ്പ് ഉപയോഗിച്ചു വലിച്ചു. പൈപ്പ് തെന്നി നേരേ 11 കെവി ലൈനിൽ സ്പർശിച്ചു. ശരീരത്തിലൂടെ ഒരു ഇരന്പൽ. പൈപ്പിൽ നിന്നും വൈദ്യുതി ശരീരത്തിലേക്ക്. കൈയും ശരീരവും കത്തുന്നു. പൈപ്പ് വലിച്ചെറിയാൻ ശ്രമിച്ചു. കണ്ണ് തുറന്നപ്പോൾ വാഹനത്തിൽ. ഒന്നും പറ്റിയിട്ടില്ലെന്നു പറഞ്ഞു ജോഷിയും സഹോദരൻ ജോബിയും സുഹൃത്തുക്കളും. എങ്കിലും എല്ലാംനഷ്ടപ്പെട്ടുവെന്ന് അവൻ അറിഞ്ഞു. തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലിൽ. ഡോക്ടർ സംസാരിച്ചു കൊണ്ടു സൂചിയെടുത്തു കൈയിൽ കുത്തി. ഒന്നും അറിഞ്ഞില്ല. സജി അറിഞ്ഞില്ലെങ്കിലും കൈയുടെ സ്ഥിതി ഡോക്ടർ അറിഞ്ഞു. എറണാകുളത്തെ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലേക്ക്. ജോഷിക്കായിരുന്നു നിർബന്ധം. എങ്ങനെയും സജിയെ രക്ഷിക്കണം. രണ്ടു കൈയും പോയതുപോലെ. അപ്പോഴും ആരും വയറ്റിലും കാലിലും ശ്രദ്ധിക്കുന്നില്ല. മാംസം കത്തി കാലിലെ എല്ലു പോലും വെളിയിൽ കാണാം. വയറ്റിൽ മാംസമില്ലാത്ത അവസ്ഥ. ഒരു കൈയെങ്കിലും രക്ഷിച്ചെടുക്കണമെന്ന ആഗ്രഹത്തോടെ എറണാകുളത്തെ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലേക്ക്. ഇവിടെവച്ച് ഒരു കൈ മുറിച്ചു. എട്ടു ദിവസംകഴിഞ്ഞപ്പോൾ ശരീരം ചീഞ്ഞു ദുർഗന്ധം വമിക്കാൻ തുടങ്ങി. 20 ദിവസത്തെ ആയുസ് വിധിച്ചു. ജോഷിയും സഹോദരൻ ജോബിയും കുടുംബസുഹൃത്ത് രതീഷും സജിയെ മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി. ഇവിടെ വച്ചു രണ്ടാമത്തെ കൈയും മുട്ടിനു താഴെ വച്ചു മുറിച്ചു. വെന്റിലേറ്ററിലേക്കു മാറ്റി. എല്ലാവരും വിധി എഴുതി, രക്ഷപ്പെടില്ല. മുറിക്കു പുറത്ത് കുടുംബം ഒന്നാകെ കരഞ്ഞു പ്രാർഥിച്ചുനിന്നു. അപ്പനെ ജീവനോടെ തന്നാൽ മതിയെന്ന് മക്കളുടെ പ്രാർഥന. ഡോക്ടർ ഭാസ്കർ പരിശോധിച്ചു. അദ്ദേഹം സജിയോടു പറയും. ദൈവത്തോടു പ്രാർഥിച്ചോ. നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാം. ഓരോ ദിവസവും വ്രണം കഴുകി വൃത്തിയാക്കാൻ അദ്ദേഹം തന്നെ നേരിട്ടെത്തും. വയറ്റിൽനിന്നും കാലിൽനിന്നും ദുർഗന്ധം പടർന്നു. ആദ്യം അദ്ദേഹത്തിനു പ്രതീക്ഷയില്ലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വയറ്റിൽ കരിഞ്ഞു മടങ്ങി ക്കിടന്ന ഞരന്പുകളിൽ ജീവന്റെ തുടിപ്പ്. ഡോക്ടർക്കും അദ്ഭുതം. രോഗിയുടെ മനസിന്റെ ധൈര്യം കണ്ടു ഡോക്ടർ പുറത്തേക്ക് ഇറങ്ങി സഹോദരൻ തങ്കച്ചനോടു ചോദിച്ചു. നിന്റെ സഹോദരൻ മനുഷ്യൻ തന്നെയാണോ? ഈ ചോദ്യം തങ്കച്ചനു ജീവിതത്തിൽ മറക്കാൻ കഴിയില്ല. സജി ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായിരുന്നു. നാല്പതാം നാൾ ആശുപത്രിക്കിടക്കയിൽ സജി എഴുന്നേറ്റിരുന്നു. രണ്ടു കൈയും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും ഒരു തുള്ളി കണ്ണീരു പോലും പൊടിഞ്ഞില്ല. കരഞ്ഞു കലങ്ങിയ കണ്ണുംമനസുമായി നിന്ന മക്കളെയും ഭാര്യയേയും സജി ധൈര്യപ്പെടുത്തി. ബൈബിളിലെ ജോബിനെപ്പോലെ അവൻ ദൈവത്തെ കുറ്റപ്പെടുത്തിയില്ല, പകരം സ്തുതിച്ചു. കൈ തരുമോ? ആശുപത്രിയിൽ നിന്ന് ഇറങ്ങുന്പോൾ ഡോക്ടറോട് സജി ഒരു കാര്യം മാത്രം ചോദിച്ചു. എനിക്കു കൈകൾ തരാമോ? ഡോക്ടർ കൈമലർത്തിയില്ല. പുഞ്ചിരിക്കുള്ളിലും സങ്കടത്തിന്റെ നനവ് നിറഞ്ഞ യുവാവിന്റെ മുഖത്തു നോക്കി പറഞ്ഞു, ദൈവം തരും. ധൈര്യമായി പോയി വാ. സജി സംസാരിച്ചു കൊണ്ടിരുന്നു, ഡോക്ടർ കേട്ടിരുന്നു. എനിക്കു പ്രവർത്തിക്കുന്ന കൈ വേണം. വെറും കൈ വേണ്ട. വേല ചെയ്തു ജീവിക്കാനാണ്. തോളിൽ കൈയിട്ടു കെട്ടിപ്പിടിച്ചു പറഞ്ഞു, മോനെ എല്ലാം ദൈവം തരും. ഞാൻ ശരിയാക്കിത്തരാം. ഡോക്ടറുടെ വിളി രണ്ടുമാസത്തിനുശേഷം ഡോക്ടർ ഭാസ്കറിന്റെ വിളി വന്നു. മോനെ കൈയുണ്ട്. സജിക്കുവേണ്ടി എന്നതുപോലെ എറണാകുളത്ത് ആരംഭിച്ച ഓട്ടോ ബോക്ക് എന്ന കന്പനിയെക്കുറിച്ചാണ് ഡോക്ടർ പറഞ്ഞത്. സജി ഡിസ്ചാർജ് ആയി പോയതിനുശേഷമാണ് ഈ കൈ എറണാകുളത്തും എത്തുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തു കൈ അറ്റു പോയ ഭടൻമാരെയും ആളുകളെയും സഹായിക്കാൻ ഓട്ടോ ബോക്ക് എന്നയാൾ നിർമിച്ച കന്പനിയാണിതെന്നു സജി അറിഞ്ഞു. 2014ൽ മാത്രമാണ് ഇന്ത്യയിൽ എത്തുന്നത്. ഇതു നിസാര കൈയൊന്നുമല്ല. അഞ്ചു ലക്ഷമാണ് ഇതിന്റെ വില. പണത്തിനുവേണ്ടി സജി ഒന്നും ചെയ്തിട്ടില്ല. ആരുടെ മുന്നിലും കൈ നീട്ടിയില്ല. സുഹൃത്തുക്കളാണ് എല്ലാം ചെയ്തത്. അവർ കൂട്ടുകാരനുവേണ്ടി കൈനീട്ടി. കൈനിറയെ എല്ലാവരും നൽകി. സജി നിന്നുകൊടുത്തു എന്നുമാത്രം. സുഹൃത്തുക്കളെക്കുറിച്ച് എഴുതിയാൽ അത്രയേറെയുണ്ട്. സജിയെ കണ്ടിട്ടില്ലെങ്കിലും തൊടുപുഴയിലെ ജയ്റാണി, വിമല, ഡി പോൾ , കുമാരമംഗലം സ്കൂളുകളിലെ കുട്ടികൾ എല്ലാവരും മനസ് തുറന്നു ചേട്ടായിക്കുവേണ്ടി നിന്നു. ഡിസിസി പ്രസിഡന്റായിരുന്ന റോയ് കെ പൗലോസും മണക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജേക്കബും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വഴി രണ്ടു ലക്ഷവും അനുവദിപ്പിച്ചു. കൈ കൊണ്ട് പരിശീലനം കൈക്കായി സജി എറണാകുളത്തെത്തി, ഓട്ടോബോക്കിൽ. ഇവിടെ കൈപ്പത്തി മാത്രമേയുള്ളൂ. അത് ഇറക്കുമതി ചെയ്യുന്നതാണ്. സജിക്കാണെങ്കിൽ കൈപ്പത്തി മാത്രം പോരാ. കൈയുടെ മുട്ടിനുവച്ചു മുറിച്ചിരിക്കുകയാണ്. അതും രണ്ട് കൈകളും. കന്പനിക്കാർ തന്നെ അതിനു പരിഹാരവും കണ്ടെത്തി. കൈയുടെ മാതൃകയിൽ മോൾഡ് ചെയ്തു കൈപ്പത്തിയോടു ചേർത്തുഘടിപ്പിച്ചു. പിന്നീട് രണ്ടാഴ്ചത്തെ പ്രത്യേക പരിശീലനം. കൈകൾ ശരീരത്തോടു ചേർക്കുന്പോൾ വീണ്ടും വേദന അറിഞ്ഞു. ഒരിക്കലും ചേരില്ലാത്തതു പോലെ.ഒരു അസ്വസ്ഥത. മനസ് പതറുന്നതുപോലെ. കൈ വഴങ്ങുന്നില്ല. ശ്രമിക്കണം. മടിച്ചുനിൽക്കരുതെന്നു പരിശീലകർ പറഞ്ഞുകൊണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ സജിയോടു കൈയും ചേർന്നു. ഈ കൈ കൊണ്ട് സജി എഴുതി. ദൈവമേ സ്തുതി. പിന്നീട് തന്റെ പഴയ കൈയക്ഷരം തിരിച്ചു പിടിക്കാനുള്ള ശ്രമമായിരുന്നു. ഇന്നു മനസിൽ വിചാരിക്കുന്നതു മനോഹരമായി എഴുതുന്നു. ഗ്ലാസെടുത്തു ചൂണ്ടോടു ചേർത്തു ചായ കുടിക്കും. പ്രത്യേകസ്പൂണ് പിടിച്ചു ഭക്ഷണം കഴിക്കും. പക്ഷേ, വീട്ടിൽ നിന്നും ഇറങ്ങിക്കഴിഞ്ഞാൽ സജി ഭക്ഷണം കഴിക്കില്ല. വെറും വെള്ളം മാത്രം. ഓഫീസ് ആവശ്യത്തിനായി ദൂരെയാത്രകൾ പോലും നടത്താറുണ്ട്. പക്ഷേ,വെള്ളം അല്ലെങ്കിൽ ശീതളപാനീയങ്ങൾ. ഭക്ഷണം കഴിക്കുന്നതിനു സാധിക്കില്ല. ഭക്ഷണം കോരി കഴിക്കാൻ കഴിയില്ല. കൈകൾ വഴങ്ങില്ല. വീട്ടിലെത്തിക്കഴിഞ്ഞാൽ കൈകൾ ഉൗരിവയ്ക്കും. പിന്നെ ഷൈനിയാണ് എല്ലാം. കൈ സൂക്ഷിക്കണം ഈ കൈ സൂക്ഷിക്കണം. നനവ് പറ്റാൻ പാടില്ല.അതുകൊണ്ടുതന്നെ മഴയത്ത് ഇറങ്ങിനടക്കാൻ സാധിക്കില്ല. സെൻസറും ബാറ്ററിയും ചേർന്നതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം ചാർജ് ചെയ്യണം. ഷെയ്ക്ക് ഹാൻഡ് കൊടുക്കുന്പോൾ ആരും പെട്ടെന്നു തിരിച്ചറിയാത്തതും ഈ പ്രത്യേകതയാണ്. ഒരു വർഷത്തെ ഗ്യാരന്റിയാണ് കൈക്കുള്ളത്. എന്നിട്ടും മൂന്നു വർഷമായി സജിയുടെ കൈക്കൊരു കുഴപ്പവുമില്ല.ഡ്രൈവറിംഗ് നന്നായിവഴങ്ങുന്ന സജിക്കൊരു കാറെങ്കിലും എടുക്കണമെന്നാണ് ആഗ്രഹം. അല്ലെങ്കിൽ തൊഴിൽ മുന്നോട്ട് പോകില്ല. മഴയാകുന്പോൾ വീട്ടിലിരിക്കേണ്ടി വരും. തൊടുപുഴയിലൊരു സ്ഥാപനം തൊഴിൽ ചെയ്യണം ജീവിക്കണം. ജീവിതം ഒരു ചോദ്യചിഹ്നമായി മാറി. എന്തുചെയ്യും. പ്രാർഥിച്ചു. സുഹൃത്തുക്കളായ അനിൽകുമാറും രതീഷും സംസാരിക്കുന്നു. ഞങ്ങളുണ്ട്. ധൈര്യമായി. പിന്നെ ആലോചനയായി. മൂവരും ചേർന്ന് അതുല്യ ഹോംനഴ്സിംഗ് ആൻഡ് ജോബ് കണ്സൾട്ടൻസി തൊടുപുഴയിൽ തുടങ്ങി. ഇന്ന് 25 ഓളം ഹോംനഴ്സുമാരെ വിവിധ ഭവനങ്ങളിൽ സേവനത്തിനയച്ചുകഴിഞ്ഞു. എല്ലാ രേഖകളും കണക്കുകളും സജി തന്നെയാണ് നോക്കുന്നത്. ഇതുകൊണ്ടു രക്ഷപ്പെടുമോ? രക്ഷപ്പെടും. ചെറിയ രീതിയിൽ മതി. കൂടുതൽ ആളുകളെ വേണ്ട. 25 പേരും സജിയെ വ്യക്തമായി അറിയാവുന്നവരാണ്. എപ്പോൾ വിളിച്ചാലും സഹായവുമായി ഓടി എത്തും. ചതിക്കപ്പെടാവുന്ന മേഖലയാണ്. ആരെയും വഞ്ചിക്കരുതെന്നും ആരുടെയും ഒന്നും തട്ടിയെടുക്കാതെ തൊഴിൽചെയ്തു ജീവിക്കണമെന്നും മാത്രമേയുള്ളൂ. കുടുംബം യോജിച്ച ഇണയെ ദൈവം നല്കുമെന്നതു വെറുതെ പറയുന്നതല്ലെന്നു സജി പറയുന്നതു ഷൈനിയെ ചൂണ്ടികാട്ടിയാണ്. സജിയുടെ ജീവിതത്തിൽ ഷൈനി എല്ലാമാണ്. ഭക്ഷണം വാരിക്കൊടുത്തും വസ്ത്രം ധരിപ്പിച്ചും ഭർത്താവിനു വേണ്ടി രണ്ടു കൈകളായി ഇവർ മാറുന്നു. തനിക്കു പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും മക്കൾ പഠിക്കണമെന്നാഗ്രഹം. മകൾ ക്രിസ്റ്റിമോൾ നാലാം വർഷ ബി ഫാമിനു പഠിക്കുന്നു. മകൻ ജസ്റ്റിൻ പ്ലസ് വണ് വിദ്യാർഥി. പഠിക്കാൻ ആഗ്രഹിച്ചു ജീവിതത്തിൽ പരീക്ഷണങ്ങളിലൂടെ കടന്നുപോയ ചരിത്രമാണ് സജിക്കുള്ളത്. പഠിക്കാൻ ആഗ്രഹിച്ചു, സാധിച്ചില്ല. എന്തെല്ലാമോ ആകണമെന്ന് ആഗ്രഹിച്ചു, നടന്നില്ല. ജീവിതത്തിൽ വളയം പിടിച്ചു രക്ഷപ്പെടാമെന്നു വിശ്വസിച്ചു അവിടെയും പരാജയപ്പെട്ടു. സജി പറയുന്നതുപോലെ ദൈവം തനിക്ക് ഇഷ്ടപ്പെട്ടവർക്കു കൂടുതൽ പരീക്ഷണങ്ങൾ നൽകും. അതു സഹിക്കാൻ ദൈവം തന്നെ ഒരുക്കുകയും ചെയ്യും. അല്ലെങ്കിൽ അവന്റെ മനസിനു ശക്തി നൽകും. പ്രീഡിഗ്രി പഠനത്തിൽ രണ്ടാം വർഷത്തിലേക്ക് കടന്നപ്പോൾ പഠനം ഇടയ്ക്കുവച്ചു മുറിഞ്ഞു. പിന്നെ ദുഃഖം ഉള്ളിലൊതുക്കി വീടിനുള്ളിൽ കഴിയുകയായിരുന്നു. വീട്ടിലിരുന്ന സജിയെ കൂട്ടുകാർ വീടിനു വെളിയിലേക്ക് ഇറക്കുന്നു. ജീവിക്കാൻ ഒരു ജോലി. അങ്ങനെ ബാർ തൊഴിലാളിയായി.ആറുവർഷത്തിനുശേഷം അതു മതിയാക്കി ക്രിസ്തീയഭക്തിഗാനകാസറ്റിന്റെ വില്പന ഏറ്റെടുത്തു. കാസറ്റുമായി സഞ്ചരിക്കുന്നതിനിടയിലാണ് തൊടുപുഴയിൽ സീനായ് ഹോട്ടൽ ഉടമ ചാക്കോച്ചേട്ടനുമായി പരിചയപ്പെടുന്നു. ഈ പരിചയപ്പെടൽ പുതിയ വാതിൽ തുറക്കുകയായിരുന്നു. 94 മുതൽ 2010 വരെ മാനേജരായി ചാക്കോച്ചേട്ടന്റെ കൂടെ. ഇവിടെനിന്നും ഇറങ്ങി ഓട്ടോറിക്ഷയിലേക്ക്. അതും ജീവിക്കാൻ വേണ്ടി. ഒരു വർഷക്കാലം തൊടുപുഴ ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചു. തുടർന്നാണ് കൂട്ടുകാരോടൊപ്പം 407 ലോറി എടുക്കുന്നത്. ജോഷികുര്യൻ മൈമൂണിലേക്ക് ഓട്ടം വിളിച്ചതോടെ രക്ഷപ്പെടുകയായിരുന്നു. അതിനിടെയായിരുന്നു അപകടം. ജീവിതത്തിന്റെ വഴിയിൽ കരിഞ്ഞുവീണെങ്കിലും വീണ്ടും തളിർക്കുകയാണ് ഈ ജീവിതം. ജോൺസണ് വേങ്ങത്തടം
|
സജിയുടെ രണ്ടാമൂഴം! ഷോക്കേറ്റ് കത്തിക്കരിഞ്ഞ ശരീരത്തില്നിന്ന് വീണ്ടുമൊരു ജീവിതം
