പ്രളയക്കെടുതി: മൻമോഹൻ സിംഗ് ഒരു മാസത്തെ ശമ്പളം നൽകും

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സനിധിയിലേക്ക്‌ സഹായങ്ങൾ അനസ്യൂതം പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനും ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധിപ്പേർ ഇതിനോടകം തങ്ങളുടെ ശമ്പളം നൽകുന്നതിന് തയാറാണെന്ന് രേഖാമൂലം അറിയിച്ചു കഴിഞ്ഞു.

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും ഒരുമാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചു. ഇതിനുപുറമേ, എം.പി. ഫണ്ടിൽനിന്ന് ഒരുകോടി രൂപയും അദ്ദേഹം പ്രളയദുരിതാശ്വാസത്തിനായി നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

കേരളത്തിലെ പ്രളയദുരന്തബാധിതരെ സഹായിക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മൻമോഹൻ സിംഗ് സഹായം വാഗ്ദാനം ചെയ്തത്.

സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിനാളുകളാണ് കേരളത്തിന് കൈത്താങ്ങായത്.

Related posts