ശശി കപൂറിന് പകരം ശശി തരൂരിനെ മരിപ്പിച്ച് ടൈംസ് നൗ! ഓരോരുത്തരുടെ മണ്ടത്തരം കാരണം തന്റെ ഓഫീസിലേയ്‌ക്കെത്തുന്നത് അനുശോചന പ്രവാഹം; പ്രതികരണവുമായി ശശി തരൂര്‍

പ്രമുഖ ബോളിവുഡ് നടന്‍ ശശി കപൂറിന്റെ മരണം ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ശശി ദാദയുടെ മരണത്തിന്റെ വേദനയില്‍ സിനിമാ ലോകം വിതുമ്പുന്നതിനിടയിലാണ് ആന മണ്ടത്തരവുമായി ദേശീയ മാധ്യമമായ ടൈംസ് നൗ രംഗത്തെത്തിയിരിക്കുന്നു. ശശി കപൂറിന്റെ മരണത്തില്‍ സിനിമാ രംഗത്തുള്ളവരുടെ പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യവെയായിരുന്നു ടൈംസ് നൗവിന് അബദ്ധം പറ്റിയത്. പ്രശസ്ത ബോളിവുഡ് സംവിധായകനായ മധുര്‍ ഭണ്ഡാര്‍കറിന്റെ അനുശോചനം അറിയിച്ചു കൊണ്ടുള്ള ടൈംസ് നൗവിന്റെ ട്വീറ്റില്‍ ശശി കപൂറിന് പകരം ശശി തരൂര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്.

‘സമാന്തര സിനിമയെ പ്രോത്സാഹിപ്പിച്ച നിര്‍മ്മാതാവിയിരുന്നു ശശി തരൂര്‍ എന്ന് മധുര്‍ ഭണ്ഡാര്‍കര്‍ പറഞ്ഞു.’ എന്നായിരുന്നു ടൈംസ് നൗവിന്റെ ട്വീറ്റ്. ചാനലിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായി. ഇതോടെ പ്രതികരണവുമായി ശശി തരൂര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. തന്റെ ഓഫീസിലേക്ക് അനുശോചന സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ചാനലിന് പറ്റിയ അബദ്ധത്തെ പക്വതയില്ലാത്തതാണെന്നായിരുന്നു തരൂര്‍ വിശേഷിപ്പിച്ചത്.

അതേസമയം, ശശി കപൂറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താനും തരൂര്‍ മറന്നില്ല. എന്റെ ഒരു പാതി നഷ്ടപ്പെട്ടതു പോലെ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ശശി കപൂറിന്റെ അന്ത്യം. 79 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കുറെ കാലമായി ചികിത്സയിലായിരുന്നു.

ബാലതാരമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശശികപൂര്‍ 60 കളോടെ മുന്‍നിര താരമായി വളര്‍ന്നു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനപേരുകളില്‍ ഒരാളായി തിളങ്ങി. കഭി കഭി, ഷാന്‍, ത്രീശൂല്‍, ജുനൂന്‍, കാല്‍യുഗ്, ദീവാര്‍, നമക് ഹലാല്‍ തുടങ്ങി 160 ചിത്രങ്ങളില്‍ അഭിനയിച്ച ശശികപൂറിന് ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 

Related posts