കമ്പനിയിലെ 9200 ജീവനക്കാര്‍ക്കും സ്വന്തം കൈകൊണ്ട് പിറന്നാള്‍ ആശംസ എഴുതി അയയ്ക്കുന്ന ഒരു മുതലാളി;ഒരു വ്യത്യസ്ഥനായ മനുഷ്യനെക്കുറിച്ചറിയാം…

കമ്പനിയ്ക്കു വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്ന തൊഴിലാളികളെ സമ്മാനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മുതലാളിമാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബെല്‍ഫോര്‍ ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ സിഇഒ ആണ് ഷെല്‍ഡന്‍ യെല്ലന്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയത് പിറന്നാള്‍ ആശംസയുടെ പേരിലാണ്. കമ്പനിയിലെ 9,200 ജീവനക്കാര്‍ക്കും പിറന്നാള്‍ ആശംസ സ്വന്തം കൈകൊണ്ട് എഴുതി അയയ്ക്കുന്ന മുതലാളിയാണ് ഷെല്‍ഡന്‍

കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആകുന്നതിന് വളരെ മുമ്പുതന്നെ, 1985 മുതല്‍ യെല്ലന്‍ എല്ലാ ജീവനക്കാര്‍ക്കും ഓരോ വര്‍ഷവും ജന്മദിന കാര്‍ഡ് എഴുതാറുണ്ട്. ഇന്ന് സിഇഒ എന്ന നിലയില്‍ താന്‍ പ്രതിവര്‍ഷം സ്വന്തം കൈകൊണ്ട് 9,200 കാര്‍ഡുകള്‍ എഴുതുന്നുവെന്ന് അദ്ദേഹം പറയുന്നു. വരുമാനം, പലിശ, നികുതി, മൂല്യത്തകര്‍ച്ച, കടം വീട്ടല്‍ എന്നതിനെക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ മനസില്‍ ”ഇനി എത്ര പേര്‍ക്ക് കൂടി എഴുതാനുണ്ട്” എന്ന കണക്കെടുപ്പാണ് നടക്കുന്നത്. 32 വര്‍ഷം മുമ്പ് ഭാര്യാ സഹോദരനെ സ്ഥാപനത്തില്‍ നിയമിച്ച ശേഷമാണ് ഈ ശീലം ആരംഭിച്ചതെന്ന് ഷെല്‍ഡന്‍ പറയുന്നു.

ജന്മദിന കാര്‍ഡുകള്‍ ലഭിച്ചതിന് നന്ദി പറയാനെങ്കിലും ആളുകള്‍ക്ക് തന്റെ അടുത്തേക്ക് വരാന്‍ തോന്നുമെന്ന് യെല്ലെന്‍ പറയുന്നു.”അത് ശരിക്കും വര്‍ക്ക് ചെയ്തു. ആളുകള്‍ ഇതേക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഞങ്ങള്‍ കൂടുതല്‍ ആശയവിനിമയം നടത്താന്‍ തുടങ്ങി. ഇത് കമ്പനിക്കുള്ളില്‍ ബഹുമാനം നേടാന്‍ എന്നെ സഹായിച്ചുവെന്ന് ഞാന്‍ കരുതുന്നു,” യെല്ലെന്‍ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയമെല്ലാം ഷെല്‍ഡന്‍ ആശംസാ കാര്‍ഡെഴുതാന്‍ വിനിയോഗിക്കുന്നു.

തന്റെ ജീവനക്കാര്‍ക്കു വേണ്ടി ഇത്തരത്തില്‍ സമയം കണ്ടെത്തുന്നതിലൂടെ സ്‌നേഹവും അനുകമ്പയും നിറഞ്ഞ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ തനിക്കായെന്നാണ് അദ്ദേഹം പറയുന്നത്. ഇത് പ്രത്യേകിച്ച് ചിലവൊന്നുമില്ലാത്ത കാര്യമാണെന്നും നല്ല പ്രവൃത്തി ചെയ്യുന്ന ഒരാളെ അഭിനന്ദിച്ചും നന്ദിയറിച്ചും കാര്‍ഡ് അയയ്്ക്കുമ്പോള്‍ തങ്ങളുടെ പ്രവൃത്തി അംഗീകരിക്കപ്പെട്ടതില്‍ അവര്‍ക്കും സന്തോഷം തോന്നുമെന്ന് യെല്ലന്‍ പറഞ്ഞു. മിക്കപ്പോഴും കാര്‍ഡയയ്‌ക്കേണ്ടുന്ന ആളും താനും പങ്കിട്ട നിമിഷങ്ങളും സംഭാഷണങ്ങളും കാര്‍ഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഷെല്‍ഡന്‍ പറയുന്നു.

Related posts