ഇവനാണ് യഥാര്‍ഥ സിങ്കം! മന്ത്രിയുടെ കള്ളപ്പണം പിടിച്ച ഐപിഎസ് ഓഫീസറെ സ്ഥലംമാറ്റി, നീതിക്കായി നാട്ടുകാര്‍ തെരുവിലിറങ്ങി, സിനിമയെ വെല്ലുന്നൊരു പോലീസ് കഥ

ipsജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന പോലീസുകാരന്‍. അഴിമതി പോലുള്ള സമൂഹത്തിലെ തെറ്റുകള്‍ക്കെതിരേ അയാള്‍ പ്രതികരിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യുന്നു. ഇതോടെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇയാളുടെ ശത്രുക്കളാകുന്നു. എന്നാല്‍ പൊതുജനം ഇയാള്‍ക്ക് പിന്തുണയുമായി രംഗത്ത് വരുന്നു. ഇതൊക്കെ സാധാരണയായി സിനിമയില്‍ മാത്രം കണ്ടുവരുന്ന കാര്യങ്ങളാണ്.

എന്നാല്‍ മധ്യപ്രദേശില്‍ ഈയിടെ അരങ്ങേറിയത്, സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളാണ്. മധ്യപ്രദേശിലെ വ്യവസായ മന്ത്രി സഞ്ജയ് പഥക്കിന്റെ ബിനാമിയുടെ 500 കോടി രൂപയുടെ ഹവാലപ്പണം ഐപിഎസ് ഓഫീസര്‍ ഗൗരവ് തിവാരിയുടെ നേതൃത്വത്തില്‍ പോലീസ് പിടിച്ചെടുക്കുകയുണ്ടായി. ഇതിനുപിന്നാലെ ഓഫീസര്‍ക്ക് സ്ഥലംമാറ്റവുമുണ്ടായി. ഈ നടപടിക്കെതിരെ പ്രതികരിച്ചുകൊണ്ട് പൊതുജനങ്ങള്‍ പ്രതിഷേധവുമായി നഗരത്തിലിറങ്ങി. സാമൂഹിക മാധ്യമങ്ങളിലൂടെയും ഐപിഎസ് ഓഫീസര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്.

അജയ് ദേവ്ഗണ്‍ നായകനായി അഭിനയിച്ച ബോളിവുഡ് ചിത്രം സിങ്കത്തിന്റെ രീതിയിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ് ജനങ്ങളുടെ സമരം.

ആരോപണവിധേയനായ മന്ത്രി സഞ്ജയ് പഥകും മുഖ്യമന്ത്രി ചൗഹാനും പ്രമുഖ ഹവാല ഇടപാടുകാരന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ കോണ്‍ഗ്രസ് വക്താവ് പുറത്തുവിടുകയും കൂടി ചെയ്തതോടെ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയായി കാര്യങ്ങള്‍. ഇപ്പോള്‍ ധീരനായ പോലീസ് ഓഫീസര്‍ക്ക് അനുമോദനങ്ങളും ആശംകളും അര്‍പ്പിക്കാനും പിന്തുണ അറിയിക്കാനുമായി മത്സരിക്കുകയാണ് ആളുകള്‍. തിവാരിയെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളുടെ ചാകരയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍. സര്‍ക്കാര്‍ സമരക്കാര്‍ക്കു മുന്നില്‍ മുട്ടുമടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Related posts