ബിഹാറിലെ രാഷ്ട്രീയ നേതാവായ അനന്ത് സിംഗിന്റെ മകൾ ശിവാംഗി സിംഗിന്റെ ആഡംബര വിവാഹത്തിനിടെ ഭക്ഷണത്തിനായി അതിഥികൾ തിക്കും തെരക്കും കൂട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അഞ്ച് ഹെലിപാഡുകളും, വിജയിക്ക് മഹിന്ദ്ര ഥാർ സമ്മാനമായി നൽകുന്ന കുതിരപ്പന്തയവും, വരന് മൂന്ന് കോടി രൂപ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫൻഡറും ഉൾപ്പെടെ വൻ ആഡംബരങ്ങളോടെ നടന്ന വിവാഹത്തിലെ ഭക്ഷണവിതരണ ദൃശ്യങ്ങളാണ് ഇപ്പോൾ പൗരബോധത്തെയും പൊതുസ്ഥലത്തെ പെരുമാറ്റത്തെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഭക്ഷണം വിളമ്പുന്ന കൗണ്ടറുകൾക്ക് ചുറ്റും ആളുകൾ തെരക്കുകൂട്ടുന്നതും ഭക്ഷണത്തിനായി പരസ്പരം ഉന്തും തള്ളുമുണ്ടാക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. തെരക്കേറിയ പൊതുസ്ഥലങ്ങളിൽ ആളുകൾ എന്തിനാണ് ക്ഷമ നഷ്ടപ്പെട്ട് അടിസ്ഥാന മര്യാദകൾ പോലും മറന്നു പെരുമാറുന്നതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉയർത്തുന്നത്.
‘ഛോട്ടെ സർക്കാർ’ എന്നറിയപ്പെടുന്ന അനന്ത് സിംഗിന്റെ ഇളയ മകൾ ശിവാംഗിയും ഋഷികേശ് കുമാറും തമ്മിലുള്ള വിവാഹം നവംബർ 25-ന് പട്ന ജില്ലയിലെ ജന്മഗ്രാമമായ നദ്വാനിലാണ് നടന്നത്. ഏകദേശം നാല് ലക്ഷത്തോളം അതിഥികളെ ഉൾക്കൊള്ളാൻ പാകത്തിനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
വിവാഹത്തിലെ ആഡംബരങ്ങളെക്കാൾ കൂടുതൽ ചർച്ചയായത് ഭക്ഷണവിതരണത്തിന്റെ വീഡിയോയാണ്. ജനക്കൂട്ടത്തിന്റെ പെരുമാറ്റത്തെ പലരും രൂക്ഷമായി വിമർശിച്ചപ്പോൾ, സാമ്പത്തിക അസമത്വവും ദാരിദ്ര്യവുമാണ് ഇത്തരം കാഴ്ചകൾക്ക് പിന്നിലെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.
“ഇന്നത്തെ ആളുകൾക്ക് അടിസ്ഥാന മര്യാദകളും പൗരബോധവും നഷ്ടപ്പെടുകയാണ്. ഷോർട്ട് വീഡിയോകളുടെ അമിതമായ ഉപയോഗം ആളുകളെ അക്ഷമരാക്കി മാറ്റിയിരിക്കുന്നു, സ്വന്തം ഊഴത്തിനായി കാത്തിരിക്കാൻ പോലും ആർക്കും ക്ഷമയില്ല,” എന്ന് ഒരാൾ കുറിച്ചു. എന്നാൽ, സൗജന്യ ഭക്ഷണത്തിന് വേണ്ടി വരുന്നവർ മാത്രമല്ല ഇങ്ങനെ പെരുമാറുന്നതെന്നും, വലിയ ഹോട്ടലുകളിലെ ബുഫേ കൗണ്ടറുകളിൽ സമ്പന്നർ പോലും സമാനമായ രീതിയിൽ തെരക്കുകൂട്ടുന്നത് കാണാറുണ്ടെന്നും മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
