തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് തുടർനടപടികൾ കൈക്കൊള്ളാൻ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതി ഇന്ന് ഉച്ചയ്ക്ക് 12ന് തെളിവെടുപ്പ് നടത്തും.
അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ ഉന്നയിച്ച വാദങ്ങളെ പൂർണമായും തള്ളുന്നതാണ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും ശുചീകരണ ജീവനക്കാർ പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ, മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിർണായക കണ്ടെത്തൽ.
ഈ മാസം 16-നാണ് മാക്കുട്ടി റാവുത്തർ (77) എന്നയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച മുതൽ ഇയാളെ വാർഡിൽ നിന്നും കാണാതായിരുന്നു. രോഗിയെ കാണാനില്ലെന്ന് മനസിലാക്കിയ അധികൃതർ പൊലിസിൽ പരാതി നൽകുകയും തുടർന്ന് ശനിയാഴ്ച നടത്തിയ തിരച്ചിലിൽ മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അജ്ഞാത രോഗിയെന്ന നിലയിലാണ് ഇയാളെ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂട്ടിരിപ്പുകാർ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കുന്നത്.
