ജീവിതപങ്കാളിയെ കണ്ടെത്തുമ്പോൾ സമാനമായ താല്പര്യങ്ങളും മൂല്യങ്ങളും ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, പ്രതിവർഷം 1.27 കോടി രൂപ ശമ്പളം വാങ്ങുന്ന ഒരു യുവാവ് തന്റെ ഭാവിവധുവിനെക്കുറിച്ച് മുന്നോട്ടുവെച്ച വ്യത്യസ്തമായ നിബന്ധനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സമ്പന്ന കുടുംബത്തിൽ നിന്നുള്ള യുവതിയെയോ ഉയർന്ന സാമൂഹിക പശ്ചാത്തലമോ അല്ല ഇദ്ദേഹം തേടുന്നത്; മറിച്ച്, തന്നെപ്പോലെ ഒരു ചെറിയ പട്ടണത്തിൽ വളർന്ന്, മെട്രോപൊളിറ്റൻ നഗരത്തിലേക്ക് ചേക്കേറി സ്വന്തമായി കരിയർ കെട്ടിപ്പടുത്ത ഒരാളെയാണ്.
ഗുരുഗ്രാം ആസ്ഥാനമായുള്ള ‘നോട്ട്ഡേറ്റിംഗ്’ എന്ന മാട്രിമോണി പ്ലാറ്റ്ഫോമിന്റെ സിഇഒ ജസ്വീർ സിംഗ് ‘എക്സിൽ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിചിത്രമായ വിവാഹാലോചന പുറംലോകം അറിഞ്ഞത്. മാച്ച് മേക്കിംഗ് രംഗത്ത് താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപൂർവമായ ആവശ്യമാണിതെന്നാണ് സിംഗ് വിശേഷിപ്പിച്ചത്.
ജസ്വീർ സിംഗ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഒരു ചെറിയ പട്ടണത്തിലാണ് യുവാവിന്റെ ബാല്യകാലവും സ്കൂൾ വിദ്യാഭ്യാസവും കടന്നുപോയത്. തുടർന്ന് ഉപരിപഠനത്തിനായി വലിയ നഗരത്തിലേക്ക് മാറിയ ഇദ്ദേഹം, പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം നേടുകയും മികച്ചൊരു കരിയർ കെട്ടിപ്പടുക്കുകയും ചെയ്തു.
ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും, വൈകാരികമായി അടുക്കാൻ കഴിയുന്ന ഒരു പങ്കാളിയെ കണ്ടെത്തുക എന്നത് ഇദ്ദേഹത്തിന് പ്രയാസമായിരുന്നു. സൗത്ത് ഡൽഹി, സൗത്ത് മുംബൈ തുടങ്ങിയ അതിസമ്പന്ന മേഖലകളിലുള്ള യുവതികളുമായി ഇദ്ദേഹം മുൻപ് പ്രണയത്തിലായിരുന്നു. വരുമാനം, വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവയിലെല്ലാം ഇവർ ഒരേ തലത്തിലുള്ളവരായിരുന്നെങ്കിലും, അവരുടെ ജീവിതശൈലിയും ബാല്യകാല അനുഭവങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു.
വിദേശത്ത് പഠിച്ചവരും ഉയർന്ന ജീവിതസാഹചര്യങ്ങളിൽ വളർന്നവരുമായ അവരുടെ ഭക്ഷണരീതി, സംഗീതത്തോടുള്ള താല്പര്യം, കുടുംബമൂല്യങ്ങൾ, ബന്ധങ്ങളോടുള്ള കാഴ്ചപ്പാട് എന്നിവയുമായി പൊരുത്തപ്പെടാൻ യുവാവിന് സാധിച്ചില്ല.
തുടർന്ന് ചെറിയ പട്ടണങ്ങളിൽ നിന്നുള്ള വിവാഹാലോചനകളും യുവാവ് പരിഗണിച്ചു. എന്നാൽ, ഒരു പതിറ്റാണ്ടിലേറെയായി മെട്രോ നഗരങ്ങളിൽ ജീവിച്ചത് തന്റെ താല്പര്യങ്ങളെയും ലക്ഷ്യങ്ങളെയും ജീവിതവീക്ഷണത്തെയും മാറ്റിക്കളഞ്ഞതായി ഇദ്ദേഹം തിരിച്ചറിഞ്ഞു. ബിസിനസ്സ്, സാങ്കേതികവിദ്യ, ആധുനിക ആശയങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന ഒരു പങ്കാളിയെയാണ് തനിക്ക് വേണ്ടതെന്നും, എന്നാൽ ചെറിയ പട്ടണങ്ങളിൽ നിന്നുള്ളവരിൽ ആ ബൗദ്ധിക പൊരുത്തം കണ്ടെത്താൻ കഴിയുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.
സമ്പന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ‘ഇപ്പോഴത്തെ തന്നെ’ മനസ്സിലാകുമെങ്കിലും തന്റെ ‘ബാല്യകാലത്തെ’ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്നാൽ, തന്റെ വേരുകളെ മനസ്സിലാക്കുന്നവർക്ക് ഇപ്പോഴത്തെ ജീവിതശൈലിയുമായി പൊരുത്തപ്പെടാനും സാധിക്കുന്നില്ല. ഈ രണ്ട് ലോകങ്ങളും അനുഭവിച്ചറിഞ്ഞ ഒരാളെ കണ്ടെത്തുക എന്നതാണ് ഇതിനുള്ള ഏക പോംവഴിയെന്ന് യുവാവ് വിശ്വസിക്കുന്നു.
തന്റെ ഈ പ്രത്യേക താല്പര്യത്തെ ‘ടു നേഷൻ തിയറി’ എന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്. ചെറിയ പട്ടണത്തിൽ നിന്ന് വലിയ നഗരത്തിലേക്ക് വന്ന് സ്വന്തം പ്രയത്നത്താൽ മികച്ച നിലയിലെത്തിയ, വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവുമുള്ള ഒരു സ്ത്രീയെയാണ് ഇദ്ദേഹം തേടുന്നത്. വരുമാനത്തേക്കാളും കുടുംബമഹിമയേക്കാളും ഉപരിയായി, സമാനമായ ജീവിതാനുഭവങ്ങൾക്കാണ് ഇദ്ദേഹം പ്രാധാന്യം നൽകുന്നത്.
ആധുനിക കാലത്തെ വിവാഹാലോചനകളിൽ സാമ്പത്തിക ഭദ്രതയ്ക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും അപ്പുറം, സമാനമായ ജീവിതയാത്രകൾക്കും സാംസ്കാരിക മാറ്റങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന ചർച്ചകൾക്കാണ് ജസ്വീർ സിംഗിന്റെ ഈ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്.
