ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നടന്ന ഒരു വിചിത്രമായ മോഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയും കൗതുകവും പടർത്തുന്നത്. ഉടമയുടെ പോക്കറ്റിലിരുന്ന നോട്ട് കെട്ടിൽ നിന്ന് ഒരൊറ്റ 500 രൂപ നോട്ട് മാത്രം മോഷ്ടിച്ച ശേഷം, ബാക്കി പണം കൃത്യമായി തിരികെ വെച്ച് കിടന്നുറങ്ങിയ വീട്ടുജോലിക്കാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കള്ളന്റെ ഈ പ്രവൃത്തി കണ്ട് ‘ആദർശവാനായ കള്ളൻ’ എന്നാണ് നെറ്റിസൺസ് ഇയാളെ വിശേഷിപ്പിക്കുന്നത്.
സിക്കന്ദ്രാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിൽ ബീഗംപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ കല്ലു മേവാത്തി കട്ടിലിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോഷണം. തലയിണയ്ക്ക് സമീപം വെച്ചിരുന്ന ഇദ്ദേഹത്തിന്റെ കുർത്തയുടെ പോക്കറ്റിൽ 500 രൂപയുടെ ഒരു കെട്ട് നോട്ടുകൾ ഉണ്ടായിരുന്നു.
ഉടമ നല്ല ഉറക്കത്തിലാണെന്ന് മനസിലാക്കിയ ജോലിക്കാരൻ പതുക്കെ പോക്കറ്റിൽ കയ്യിട്ടു. എന്നാൽ നോട്ട് കെട്ട് മുഴുവനായും എടുക്കുന്നതിന് പകരം, അതിൽ നിന്ന് ഒരൊറ്റ 500 രൂപ നോട്ട് മാത്രം വലിച്ചെടുക്കുകയും ബാക്കിയുള്ള പണം പഴയതുപോലെ പോക്കറ്റിൽ തന്നെ തിരികെ വെക്കുകയുമായിരുന്നു. പണം പോക്കറ്റിലാക്കിയ ശേഷം ഇയാൾ തൊട്ടടുത്തുള്ള കട്ടിലിൽ പോയി ഒന്നും സംഭവിക്കാത്തതുപോലെ കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേന്ന് കല്ലു മേവാത്തി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ വിചിത്ര മോഷണം പുറത്തറിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ, ജോലിക്കാരൻ കുർത്തയുടെ പോക്കറ്റിൽ നിന്ന് ഒരു നോട്ട് മാത്രം എടുക്കുന്നതും ബാക്കി പണം തിരികെ വെക്കുന്നതും ഉടമയുടെ ശ്രദ്ധയിൽപ്പെട്ടു.
ദൃശ്യങ്ങൾ കണ്ട ഉടമ ജോലിക്കാരനെ വിളിച്ചുവരുത്തി കാര്യം തിരക്കുകയും സിസിടിവി ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. തെറ്റ് സമ്മതിച്ച ഇയാൾ ഉടമയോട് മാപ്പ് പറഞ്ഞു. എന്നാൽ, പോലീസ് നടപടിയുണ്ടാകുമോ എന്ന് ഭയന്ന ജോലിക്കാരൻ തൊട്ടുപിന്നാലെ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
