പുറപ്പെട്ടുപോയ ട്രെയിനിനൊപ്പം നടന്ന് കൈവീശി യാത്രയയപ്പ് നൽകുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഹൃദയസ്പർശിയായ ഈ യാത്രയയപ്പ് വീഡിയോ കണ്ട പലരും വികാരാധീനരാവുകയും കുടുംബത്തിന്റെ സ്നേഹത്തെ പ്രശംസിക്കുകയും ചെയ്തു.
നോയിഡ സ്വദേശിയായ അനുഷ്ക എന്ന യുവതിയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുള്ള അനുഷ്ക, ട്രെയിനിന്റെ ജനലിലൂടെ പുറത്തേക്ക് ക്യാമറ തിരിച്ച് പിടിച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
മാതാപിതാക്കൾ പുറത്ത് നിന്ന് ചിരിച്ചുകൊണ്ട് കൈവീശിക്കാണിക്കുന്നത് വീഡിയോയിൽ കാണാം. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ, ജനലിലൂടെ മകളെ നോക്കി അവർ ട്രെയിനിനൊപ്പം നടക്കാൻ തുടങ്ങി.
കുറച്ചു ദൂരം കൂടി ട്രെയിനിനൊപ്പം നടന്ന ശേഷം, ഒരാൾ അവസാനമായി ‘തമ്പ്സ് അപ്പ്’ കാണിച്ചു. ട്രെയിൻ കാഴ്ചയിൽ നിന്ന് മറയുന്നത് വരെ അവർ കൈവീശിക്കൊണ്ടേയിരുന്നു. “ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു!” എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക വീഡിയോ പങ്കുവെച്ചത്.
വീഡിയോയിലെ അച്ഛന്റെ ഭാവങ്ങളിലാണ് പലരുടെയും ശ്രദ്ധ പതിഞ്ഞത്. കണ്ണീർ മറച്ചുവെച്ച് മറ്റുള്ളവർക്കൊപ്പം ചിരിക്കുകയും, പിന്നീട് ട്രെയിൻ നീങ്ങുമ്പോൾ ഒപ്പം നടക്കുകയും ചെയ്യുന്ന അച്ഛന്റെ സ്നേഹത്തെക്കുറിച്ച് നിരവധി പേർ കമന്റ് ചെയ്തു.
അനുഷ്കയുടെ മാതാപിതാക്കൾക്ക് ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് നിരവധി പേർ രംഗത്തെത്തി. വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയെന്ന് ചിലർ വ്യക്തമാക്കിയപ്പോൾ, മക്കൾക്കായി മാതാപിതാക്കൾ എത്രത്തോളം ത്യാഗങ്ങൾ സഹിക്കുന്നുണ്ടെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുവെന്ന് മറ്റൊരാൾ കുറിച്ചു.
