സ്വന്തം കൃഷിയിടത്തിന് ജീവനേകുന്ന നദി മാലിന്യങ്ങൾ നിറഞ്ഞ് നശിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാതെ ഒറ്റയ്ക്ക് ശുചീകരണത്തിനിറങ്ങി മാതൃകയായിരിക്കുകയാണ് 19കാരനായ കാർത്തിക് സഹാനി. ഉത്തർപ്രദേശിലെ മൗ ജില്ലയിലുള്ള തംസ നദിയാണ് ഈ യുവാവിന്റെ പ്രയത്നത്താൽ വീണ്ടും തെളിഞ്ഞൊഴുകാൻ തുടങ്ങിയത്.
തന്റെ കുടുംബത്തിന്റെ ഉപജീവനമാർഗമായ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം നൽകുന്ന തംസ നദി പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി നശിക്കുന്നത് കണ്ടാണ് കാർത്തിക് നദിയിലിറങ്ങാൻ തീരുമാനിച്ചത്. ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ ദിനംപ്രതി 3 മുതൽ 4 മണിക്കൂർ വരെ നദിയിലിറങ്ങി ജോലി ചെയ്തു. തുടർച്ചയായ 22 ദിവസത്തെ പ്രയത്നത്തിനൊടുവിൽ ആയിരം കിലോയിലധികം (1,000 kg) മാലിന്യമാണ് കാർത്തിക് നദിയിൽ നിന്ന് നീക്കം ചെയ്തത്.
“ആരും വന്ന് ശുചിയാക്കുമെന്ന് കരുതി കാത്തിരുന്നില്ല; സ്വന്തം കാർഷിക ആവശ്യങ്ങൾക്കും നാടിനും വേണ്ടി ഒറ്റയ്ക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ മുപ്പത്തിയാറായിരത്തിലധികം ഫോളോവേഴ്സുള്ള കാർത്തിക്കിന്റെ ഈ ദൗത്യത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും പ്രശംസയുമാണ് ലഭിക്കുന്നത്. തംസ നദി ശുചീകരിച്ചതിന് പിന്നാലെ സമീപത്തുള്ള കുളം കൂടി വൃത്തിയാക്കാനുള്ള അടുത്ത ദൗത്യത്തിലേക്ക് കടക്കുകയാണ് ഈ 19കാരൻ.
