തിരുവനന്തപുരം: പി.ജെ. ജോസഫിന് അർഹമായ പദവികൾ വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി. അധികാരത്തിൽ എത്തിയത് മുതൽ പി.ജെ.ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
മത്സരിക്കാതെ മാറിനിന്ന ജോസഫിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി നൽകണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ആവശ്യം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി അനുവദിച്ചെങ്കിലും പി.ജെ. ജോസഫിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇക്കാര്യം മന്ത്രിസഭാ അജൻഡയിലും ഉൾപ്പെടുത്തിയിരുന്നില്ല. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയപ്പോൾ യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടിയെന്നാണ് മറുപടി ലഭിച്ചതെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മറ്റുള്ളവർക്ക് ക്യാബിനറ്റ് പദവി നൽകിയതിലല്ല പി.ജെ. ജോസഫിന് പദവി ലഭിക്കാത്തതിലാണ് പാർട്ടിയുടെ അതൃപ്തിയെന്നും നേതാക്കൾ വ്യക്തമാക്കി. അതൃപ്തി നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാൻ മന്ത്രി മോൻസ് ജോസഫിനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുഖ്യമന്ത്രിയുമായി മോൻസ് ജോസഫ് കൂടിക്കാഴ്ച നടത്തിയേക്കും. വയോജന കമ്മീഷൻ, കാർഷിക കടാശ്വാസ കമ്മീഷൻ തുടങ്ങിയ പ്രധാന പദവികളിലൊന്ന് പി.ജെ.ജോസഫിന് നൽകണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കേരള കോൺഗ്രസിന്റെ പ്രതീക്ഷ.
ബോർഡ്-കോർപറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം കേരള കോൺഗ്രസ് മുഖ്യമന്ത്രിയെ അറിയിക്കും. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പത്ത് ബോർഡ്-കോർപറേഷനുകൾ കേരള കോൺഗ്രസിന് ലഭിച്ചിരുന്നതായും അതേ രീതിയിലുള്ള പരിഗണന വേണമെന്നുമാണ് ആവശ്യം.
