ഹിറ്റ് സിനിമകളിലെ സജീവസാന്നിധ്യം, മിസ് തിരുവനന്തപുരം നേടിയ അഭിനേത്രി, രോഗം വന്നപ്പോള്‍ സിനിമക്കാര്‍ തിരിഞ്ഞുനോക്കിയില്ല, നടി ശ്രീലതയോട് സിനിമലോകം ചെയ്തത് ക്രൂരത

sreelathaസിനിമയ്ക്ക് രണ്ടു മുഖമുണ്ട്. സൂപ്പര്‍ താരങ്ങളും ഗോഡ്ഫാദര്‍മാരും ഉള്ളവരുടെ ലോകം ഒന്ന്. ആരാലും ശ്രദ്ധിക്കപ്പെടാതെ ജൂണിയര്‍ ആര്‍ട്ടിസ്റ്റുമാരുടെ റോളുകളില്‍ ഒതുക്കപ്പെടുന്നവരുടെ ലോകം മറ്റൊന്ന്. ആദ്യത്തെ കൂട്ടര്‍ തുമ്മുന്നതും ഉറങ്ങുന്നതും വരെ സിനിമക്കാരും മാധ്യമങ്ങളും വാര്‍ത്തയാക്കും. അവരുടെ ചെറുനേട്ടങ്ങള്‍ വരെ ഫാന്‍സുകാര്‍ തെരുവില്‍ ഉത്സവമാക്കും. സിനിമയുടെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്നവരുടെ അവസാനമാകട്ടെ ദയനീയവും. ഇത്തരമൊരു അന്ത്യമായിരുന്നു വെള്ളിയാഴ്ച്ച മരണമടഞ്ഞ നടി ശ്രീലത മേനോന്റെയും. മുപ്പതോളം സിനിമകളിലും നൂറിലേറെ സീരിയലുകളിലും പ്രധാന വേഷം കൈകാര്യം ചെയ്‌തെങ്കിലും രോഗക്കിടക്കയില്‍ സഹായിക്കാന്‍ സിനിമലോകമെത്തിയില്ല.

എല്ലുകള്‍ തനിയെ പൊട്ടുന്ന ‘സിസ്റ്റമിക് ലൂപ്പസ് എറിത്രോമാറ്റിസ്’ എന്ന അപൂര്‍വ അസ്ഥിരോഗത്തെ തുടര്‍ന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ശ്രീലത. രോഗം കടുത്തതോടെ വൃക്കകള്‍ തകരാറിലാവുകയും ചെയ്തു. പിന്നീട് സുമനസുകളുടെ സഹായത്തോടെയാണ് ശ്രീലതയും മൂന്നു മക്കളും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഇവരുടെ ദയനീയവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ നിരവധി പേര്‍ സഹായവുമായെത്തി. എന്നാല്‍ സിനിമക്കാരില്‍നിന്നു സഹായിക്കാനെത്തിയവര്‍ ചുരുക്കം. താര സംഘടനയായ ‘അമ്മ’ പോലും തിരിഞ്ഞുനോക്കിയില്ല. മൂത്തമകന്‍ അര്‍ജുന്‍ ജോലിയെടുത്തായിരു്ന്നു ശ്രീലതയുടെ ചികിത്സ ചെലവുകള്‍ നടത്തിയിരുന്നത്.

തിരുവനന്തപുരം കുന്നുകുഴി വടയ്ക്കാട് മടവിളാകം തറവാട്ടില്‍ റിട്ടയേര്‍ഡ് തഹസീല്‍ദാര്‍ നാരായണ മേനോന്റെയും ഖാദി ബോര്‍ഡ് റിട്ടയേഡ് സൂപ്രണ്ട് ഭവാനിയുടേയും മകളാണ് ശ്രീലത മേനോന്‍. 1985 ല്‍ മിസ് തിരുവനന്തപുരം പട്ടം നേടിയാണ് ശ്രീലത കലാരംഗത്തേക്കു കടന്നുവന്നത്. പെരുന്തച്ചന്‍, അര്‍ഹത, ദിനരാത്രങ്ങള്‍, കേളി എന്നിവയടക്കം മുപ്പതോളം സിനിമകളില്‍ വേഷമിട്ടു. നൂറോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് കെ.എസ്. മധു രക്താര്‍ബുദം ബാധിച്ചു മരിച്ചു. അര്‍ജുന്‍, ആദി, അരവിന്ദ് എന്നിവരാണു മക്കള്‍.

Related posts