ആര്‍ത്തി തീരാത്ത ജന്മങ്ങള്‍, 101 പവന്‍ നല്കി മകളെ കെട്ടിച്ചു, രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ അനിഷ്ടം കൂടി, മരുമകനെ തൃപ്തനാക്കാന്‍ കിടപ്പാടം കൂടി എഴുതിനല്കി, സുനിതയുടെ മരണത്തില്‍ ഒടുവില്‍ ഭര്‍ത്താവും വീട്ടുകാരും പിടിയില്‍

യുവതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന ഭര്‍ത്താവിനേയും ഭര്‍ത്തൃമാതാപിതാക്കളേയും പാലക്കാടിലെ ലോഡ്ജില്‍നിന്ന് ജില്ല ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. മൂവരേയും കോടതി റിമാന്‍ഡ് ചെയ്തു. ആലുവ അറഫാ വില്ലയില്‍ അരുണ്‍ (32), മാതാവ് ലൈലാ ബീവി (66), പിതാവ് അബ്ദുള്‍ റഹ്മാന്‍ (66) എന്നിവരെയാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സുനിത മരിച്ചത് ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനം മൂലമാണെന്ന് ബന്ധുക്കള്‍ ആദ്യമേ പോലീസില്‍ അറിയിച്ചിരുന്നു. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി സുനിതയെ നിരന്തരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സുനിത കളമശ്ശേരിയിലെ വീട്ടില്‍ സെപ്റ്റംബര്‍ 14-ന് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് വീട്ടുകാര്‍ കാണുകയും സുനിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ തന്നെ സുനിതയുടെ ആരോഗ്യ സ്ഥിതി വഷളാകുകയും 19ന് മരിക്കുകയുമായിരുന്നു.

കളമശേരി മൂലേപ്പാടം സ്വദേശി അബ്ദുള്‍ അസീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13നു ഭര്‍തൃവീട്ടില്‍ നടന്ന വഴക്കിനെത്തുടര്‍ന്നു മാതാപിക്കള്‍ക്കൊപ്പം സുനിത സ്വന്തം വീട്ടിലേക്കു പോന്നിരുന്നു. പിറ്റേദിവസം ഉച്ചകഴിഞ്ഞു രണ്ടിന് വീടിന്റെ മുകള്‍നിലയിലുള്ള മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ആശുപത്രിയില്‍ ചികിത്സയ്ക്കിടെ 19നു മരിക്കുകയും ചെയ്തു. ഭര്‍തൃവീട്ടിലെ പീഡനമാണു ആത്മഹത്യയ്ക്കു കാരണമെന്നു ചൂണ്ടിക്കാട്ടി അബ്ദുല്‍അസീസ് കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സുനിതയുടെ മരണത്തിനുശേഷം പ്രതികള്‍ ഒളിവിലായിരുന്നു. 2014 ജനുവരി 19നായിരുന്നു സുനിതയുടെയും അരുണിന്റെയും വിവാഹം. ഇവര്‍ക്കു രണ്ടു പെണ്‍കുട്ടികളുണ്ട്. രണ്ടാമത്തേതും പെണ്‍കുട്ടിയായതു ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ലെന്നു സുനിതയുടെ വീട്ടുകാര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കിടപ്പാടം മകളുടെ പേരില്‍ എഴുതി നല്‍കിയതായും പരാതിയില്‍ പറയുന്നു.

Related posts