എല്ലാവരും അഭിനന്ദനവുമായി ചുറ്റും കൂടിയപ്പോള്‍ കരഞ്ഞു പോയി! ഇനി പെയിന്റ് പണിക്കൊന്നും പോകേണ്ട എന്നാണ് ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞത്; പക്ഷേ…കുമ്പളങ്ങി നൈറ്റ്‌സിലൂടെ താരമായ സുരാജ് പറയുന്നു

ഇന്ന് സിനിമയില്‍ താരമായി നില്‍ക്കുന്നവരില്‍ പലര്‍ക്കും പറയാനുണ്ടാവും കയ്‌പേറിയ ഒരു ഭൂതകാലത്തെക്കുറിച്ച്. ചാന്‍സ് ചോദിച്ചും പലരുടെയും കാലുപിടിച്ചുമെല്ലാം ഒത്തിരി അലയേണ്ടിയും വന്നിട്ടുണ്ടാവാം. ഇപ്പോള്‍ തിയറ്റുകളില്‍ തകര്‍ത്തോടുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്‍ പ്രശാന്ത് ബ്രോയെ അവതരിപ്പിച്ച സുരാജിനുമുണ്ട് അത്തരമൊരു കഥ പറയാന്‍.

പെയിന്റിംഗ് പണിക്ക് പോയി സ്വന്തം കുടുംബത്തിനു അന്നം കണ്ടെത്തുന്ന സുരാജിന് സിനിമയോടൊപ്പം ഡാന്‍സും വളരെയേറെ ഇഷ്ടമാണ്. കുമ്പളങ്ങിയില്‍ പ്രശാന്ത് ബ്രോ ആയി വന്നാണ് സുരാജ് കയ്യടി വാരിക്കൂട്ടിയത്. ആ അനുഭവത്തെക്കുറിച്ച് സുരാജ് ഒരു മാധ്യമത്തോട് തുറന്നു പറയുകയുണ്ടായി.

സുരാജിന്റെ വാക്കുകള്‍ ഇങ്ങനെ ”കുമ്പളങ്ങി നൈറ്റ്സ് എന്റെ ആദ്യ സിനിമയല്ല. ഞാനിതിനു മുമ്പ് മൂന്നു സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. മുഖം മാത്രം, ഒരക്ഷരം മിണ്ടീട്ടില്ല. മുല്ല എന്ന സിനിമയിലും ഒരു മിന്നലുപോലെ വന്നുപോയിരുന്നു. പിന്നെ ചെയ്യണത് ഇയ്യോബിന്റെ പുസ്തകമാണ്. വിനായകന്‍ ചേട്ടന്റെ കൂടെ നില്‍ക്കണത്. ഒന്നു രണ്ടു സീനിലുണ്ട്. പക്ഷേ ഡയലോഗ് ഒന്നുമില്ല.

വിനായകന്‍ ചേട്ടനെ പരിചയപ്പെടണത് അവിടെ വച്ചാണ്. നേരത്തെ ഡാന്‍സ് സ്‌കൂളിലെ പിള്ളേര് പറയുമായിരുന്നു എനിക്ക് വിനായകന്‍ ചേട്ടന്റെ കട്ട് ഉണ്ടെന്നു. ഞാനിക്കാര്യം പറഞ്ഞപ്പോള്‍, ഒന്നു പോയെടാ.. നീ എന്നെപ്പോലെയോ എന്നു പറഞ്ഞ് ഓടിക്കയാര്‍ന്നു. തമാശയ്ക്കാണ് കേട്ട… പിന്നൊരു തമിഴ് സിനിമയിലും മുഖം കാണിച്ചു. ബോബി സിംഹ നായകനായ ഉറുമീന്‍. ബ്രിട്ടീഷുകാരടെ കാലത്തെ കഥയാണ്. അതിലൊരു ട്രൈബായിട്ട്.

വരാപ്പുഴയിലെ എം സിനിമാസില്‍ എല്ലാവര്‍ക്കുമൊപ്പാണ് സിനിമ കണ്ടത്. നമ്മക്ക് കൈയടിയക്കെ കിട്ടണത് കേട്ടപ്പോള്‍ ഞാന്‍ വേറെയേതോ ലോകത്തേക്ക് പോയി. ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ കുറെ പിള്ളേര്‍ ചുറ്റും കൂടി. സെല്‍ഫിയെടുക്കലും കൈ തരലും കെട്ടിപ്പിടിക്കലുമൊക്കെ. ഞാനാകാതെ പൂത്തുകോരിപ്പോയി. കണ്ണ് നിറഞ്ഞു.

മധു ചേട്ടന്‍ അത് കണ്ടു. എന്താ പോപ്സേ കരയാണോ എന്നു ചോദിച്ചു. സന്തോഷം കൊണ്ടാണെന്നു പറഞ്ഞപ്പോള്‍, കഷ്ടപ്പെട്ട് ചെയ്തതിനു കണ്ണുനിറഞ്ഞ് തന്നെ സന്തോഷിക്കണം പോപ്സേ എന്നാണ് മധു ചേട്ടന്‍ പറഞ്ഞത്. എന്റെ ഭാര്യേം പിള്ളേര്ടേം സന്തോഷം കണ്ടപ്പോഴും ഞാന്‍ കരഞ്ഞുപോയി. അച്ചന്‍ പൊളിച്ചെന്നാണ് എന്റെ മകള് പറഞ്ഞത്. ഇതൊക്കെ കേള്‍ക്കണതിലും കാണണതിലും വലുതായി വേറെന്താണ് ബ്രോ നമ്മടേക്കെ ജീവിതത്തില്‍ വേണ്ടത്!.

ഷൂട്ടിംഗ് കഴിഞ്ഞപ്പം ശ്യാം (ശ്യാം പുഷ്‌കരന്‍) എന്നോട് പറഞ്ഞത് മച്ചാനെ ഇനി പെയിന്റ് പണിക്കൊന്നും പോകേണ്ടി വരില്ലെന്നാണ്. ഞാന്‍ പക്ഷേ, ഷൂട്ടിംഗ് കഴിഞ്ഞതിന്റെ പിറ്റേന്നു തൊട്ട് പണിക്കു പോയി തുടങ്ങി. സിനിമയില്‍ പിടിച്ചു നിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. സിനിമ ചെയ്യണോന്ന് ആഗ്രമുണ്ട്. കിട്ടിയാലല്ലേ പറ്റൂ. ഞാനായിട്ട് ഉഴപ്പില്ല. രക്ഷപ്പെടണെങ്കില്‍ രക്ഷപ്പെടട്ടേ. അല്ലേല്‍ ഇപ്പം ചെയ്യണതൊക്കെയായി അങ്ങ് പോകും”. സുരാജ് പറയുന്നു.

Related posts