സുഷമാജീ പാര്‍ലമെന്റില്‍ നിന്ന് പോകുന്നത് വിഷമിപ്പിക്കുമെന്ന് ശശി തരൂര്‍ എം.പി.! ശശിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്; സോഷ്യല്‍മീഡിയയില്‍ കൗതുകമുണര്‍ത്തി എതിര്‍ രാഷ്ട്രീയ സൗഹൃദം

ബിജെപി വിരുദ്ധരെ പോലും വിഷമിപ്പിക്കുകയും നിരാശരാക്കുകയും ചെയ്ത ഒരു പ്രസ്താവനയാണ് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയത്. ആരോഗ്യം അനുവദിക്കുന്നില്ലെന്നും ഇക്കാരണത്താല്‍ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്നുമുള്ള സുഷമയുടെ അറിയിപ്പായിരുന്നു അത്.

രാജ്യത്തെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ച മറുപടി എന്ന നിലയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഈ വിഷയത്തില്‍ മന്ത്രി സുഷമാ സ്വരാജിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇനി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റിനു പിന്നാലെ തന്നെ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ സൗഹൃദം നിറഞ്ഞ ട്വീറ്റ് എത്തുകയായിരുന്നു.

സുഷമ സ്വരാജ് പാര്‍ലമെന്റില്‍ നിന്നും പോകുന്നത് തന്നെ ഏറെ വിഷമിപ്പിക്കുന്നുവെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. പിന്നാലെ സോഷ്യല്‍ മീഡിയ ഈ എതിര്‍ രാഷ്ട്രീയ സൗഹൃദത്തെ ഏറ്റെടുക്കുകയായിരുന്നു. അനാരോഗ്യം കാരണം ഇനി മത്സരരംഗത്തുണ്ടാവില്ലെന്നും അന്തിമ തീരുമാനം പാര്‍ട്ടിയാണ് സ്വീകരിക്കേണ്ടതെന്നുമായിരുന്നു സുഷമയുടെ പ്രതികരണം. സുഷമ സ്വരാജിന്റെ രാഷ്ട്രീയ തീരുമാനത്തിനാണ് തരൂര്‍ മറുപടിയുമായി എത്തിയത്.

തമ്മിലുള്ള എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ സുഷമ സ്വരാജ് പാര്‍ലമെന്റില്‍ നിന്നും പോകുന്നത് തന്നെ ഏറെ വിഷമിപ്പിക്കുന്നു. ഔട്ട് ലുകകിന്റെ സോഷ്യല്‍ മീഡിയ അവാര്‍ഡുകളുടെ ജൂറിയെന്ന നിലയില്‍ അവരുടെ ഡിപ്ലോമസിയെ ആദരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ വിദേശകാര്യകമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ മന്ത്രിയില്‍ നിന്നും സ്നേഹം നിറഞ്ഞ ഇടപെടലാണ് ഉണ്ടായത്.. എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

തരൂരിന്റെ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് സുഷമ സ്വരാജ് രംഗത്തെത്തി. ഇപ്പോഴുള്ള അതേ നിലയില്‍ തന്നെ തുടരണമെന്ന് ഞാനഗ്രഹിക്കുന്നുവെന്നായിരുന്നു സുഷമ സ്വരാജിന്റെ മറുപടി ട്വീറ്റ്. ഇതിന് വീണ്ടും മറുപടിയുമായി തരൂര്‍ എത്തി. നന്ദി സുഷമ സ്വരാജ്. ജനങ്ങള്‍ അത് തീരുമാനിക്കട്ടെയെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആശംസകളെന്നും തരൂര്‍ കുറിച്ചു.

Related posts