വിവാഹത്തിന് സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനം കണ്ട് അതിഥികളെല്ലാം ആദ്യം ചിരിച്ചു! ഒന്നോര്‍ത്തപ്പോള്‍ ഇതാണ് ഏറ്റവും വിലയേറിയ സമ്മാനമെന്ന് വിലയിരുത്തുകയും ചെയ്തു; ഒരു വിവാഹസമ്മാനക്കഥ

ഏതാനും നാളുകള്‍ക്ക് മുമ്പുവരെ വിവാഹ സമ്മാനമെന്നാല്‍ സ്വര്‍ണ്ണമോ പണമോ ഒക്കെയായിരുന്നു ആളുകള്‍ പരസ്പരം കൊടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറിയതോടെ വിവാഹ സമ്മാനങ്ങളുടെയെല്ലാം രീതി മാറി.

സമാനമായ രീതിയില്‍ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ നടന്ന ഒരു വിവാഹത്തിന് വധൂവരന്മാരായ ഇളഞ്ചെഴിയന്റെയും കനിമൊഴിയുടെയും വിവാഹത്തിനു സുഹൃത്തുക്കള്‍ നല്‍കിയ ‘വിലപിടിപ്പുള്ള’ സമ്മാനം കണ്ട്, വന്നുകൂടിയവര്‍ ഒന്നടങ്കം ചിരിച്ചു.

ഒരു ജാറില്‍ അഞ്ച് ലിറ്റര്‍ പെട്രോളാണ് അവര്‍ വധൂവരന്മാര്‍ക്ക് നല്‍കിയത്. പക്ഷേ ചിരിച്ചവര്‍ തന്നെ പിന്നീടു തമ്മില്‍ പറഞ്ഞു. ആ അഞ്ചു ലിറ്റര്‍ പെട്രോള്‍ തന്നെയാണു നവദമ്പതികള്‍ക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്ന്.

കടലൂര്‍ ജില്ലയിലെ ചിദംബരത്തിനു സമീപമുള്ള ഗ്രാമത്തില്‍ നടന്ന വിവാഹത്തിലാണ് ഒരുസംഘം യുവാക്കള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ വിവാഹത്തിന് അഞ്ചു ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നല്‍കിയത്. വിവാഹശേഷം നടന്ന സല്‍ക്കാരത്തില്‍ സ്റ്റേജില്‍ കയറി ദമ്പതികള്‍ക്കു സമ്മാനങ്ങള്‍ നല്‍കുന്ന ചടങ്ങിനിടെയാണു ചിരിയും ചിന്തയും പകര്‍ന്ന് ദമ്പതികളുടെ സുഹൃത്തുക്കള്‍ ഒരു കന്നാസില്‍ അഞ്ച് ലിറ്റര്‍ പെട്രോള്‍ നല്‍കിയത്.

മടിയൊന്നും കൂടാതെ തന്നെ ദമ്പതികള്‍ പെട്രോള്‍ സ്വീകരിച്ച് മറ്റു സമ്മാനങ്ങളുടെ കൂടെ ചേര്‍ത്തുവയ്ക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ നേതാവും ചെന്നൈയിലെ നന്ദനം ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥിയുമായ പ്രഭു ആണ് നവദമ്പതികള്‍ക്കു പെട്രോള്‍ സമ്മാനമായി നല്‍കിയത്. രാജ്യത്തെ വര്‍ധിച്ചുവരുന്ന ഇന്ധന വിലയ്‌ക്കെതിരെ ശക്തമായ ബോധവത്കരണം നടത്താനാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് പ്രഭു മാധ്യമങ്ങളോടായി പറയുകയും ചെയ്തു.

Related posts