കേരളത്തെ വളരെയധികം സ്‌നേഹിച്ച വ്യക്തിത്വം ! മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്ര അവിസ്മരണീയമായി; ഇന്ത്യയുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി സുഷമാജി വിട പറയുമ്പോള്‍…

കേരളം സുഷമയ്ക്ക് എന്നും ഒരു അദ്ഭുതമായിരുന്നു. അവരുടെ സ്‌നേഹവായ്പിന് കേരളത്തില്‍നിന്നുള്ള ഉദാഹരണമാണു ലിബിയയില്‍നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍. ട്വിറ്ററിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഏതു പാതിരാത്രിയിലും ഉടനടി പ്രതികരിക്കുകയും കര്‍മനിരതയാവുകയും ചെയ്യുന്ന അപൂര്‍വം നേതാക്കളിലൊരാളാണു സുഷമ. സുഷമ ആദ്യമായി കേരളത്തില്‍ എത്തിയത് 1977-78 കാലത്തു ഹരിയാന മന്ത്രിയായിരിക്കെയാണ്. അന്നു സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യര്‍ ക്ഷണിച്ചതനുസരിച്ചു ശാരദാ കൃഷ്ണയ്യര്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കാനാണു വന്നത്. മലയാളത്തില്‍ മൂന്നു വാചകം പ്രസംഗിക്കാനും സുഷമ തയാറെടുത്തിരുന്നു ‘സഹോദരീ സഹോദരന്മാരേ നമസ്‌കാരം. എനിക്കു മലയാളം അധികം അറിയില്ല. അതുകൊണ്ട് ഇംഗ്ലിഷില്‍ സംസാരിക്കാം’. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ കേരളരക്ഷാ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 2011 ഫെബ്രുവരിയിലും അവരെത്തി.

സുഷമയെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയ സ്ഥലം ഏതെന്നു ചോദിച്ചാല്‍ കേരളമെന്നാവും ഉത്തരം. വിത്തു പുറത്തുള്ള ഏകഫലമായ കശുമാങ്ങ കണ്ട് അദ്ഭുതം കൂറിയെന്ന് സുഷമ തന്നെ പറഞ്ഞിരുന്നു. കശുമാവ്,ഏലം തോട്ടങ്ങള്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്നും അന്ന് സുഷമ പറഞ്ഞിരുന്നു. മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്ര അവിസ്മരണീയമായി. രാജ്യത്തെ മിക്ക നഗരങ്ങളും കണ്ടിട്ടുണ്ട്. ഏറ്റവും മനോഹരമായ സംസ്ഥാനം കേരളം തന്നെ. റോഡിന് ഇരുവശവും തെങ്ങുകള്‍. കേരളത്തിന്റെ സൗന്ദര്യം കണ്ടു തന്നെയറിയണം.

പത്മനാഭന്റെ നാടിനെ സ്നേഹിക്കാതിരിക്കാന്‍ എനിക്കു കഴിയുമോ? ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട നാടായിരിക്കും കേരളം. കൃഷ്ണനു പ്രിയങ്കരമായ താമരയും പഴവും നാളികേരവും കേരളത്തിലുണ്ട്. കേരളത്തിലെ ബീഡി തെറുപ്പു കാഴ്ചയും വിസ്മയിപ്പിച്ചു. ഇരുപതോളം ബീഡി തെറുപ്പുകാര്‍ക്കു പത്രം വായിച്ചു കൊടുക്കാന്‍ ഒരാളെ വച്ചിട്ടുണ്ട്. ഹരിയാനയിലെ രാഷ്ട്രീയംവരെ അവര്‍ക്കറിയാം സുഷമ കുറിച്ചു. ആ സമയത്തു സ്‌കൂള്‍ വാന്‍ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ വീടു സന്ദര്‍ശിച്ചതു ഹൃദയഭേദകമായി. സ്‌കൂള്‍ ബസ് ചട്ടങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂള്‍ ബസ് സുരക്ഷയ്ക്ക് ദേശീയ ബോധവല്‍ക്കരണം വേണം. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

2016ല്‍ ലിബിയയില്‍ നിന്നു മലയാളികളെ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത് ആരെന്നതിനെച്ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നു സഹായമൊന്നും ലഭിച്ചില്ലെന്നു ലിബിയയില്‍ നിന്നുവന്ന ആറു മലയാളി കുടുംബങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു വിവാദം ആരംഭിച്ചത്. തിരിച്ചെത്തിയവരുടെ യാത്രച്ചെലവു സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനത്തിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും തര്‍ക്കത്തില്‍ പങ്കുചേര്‍ന്നു. ആരാണ് ഇതുവരെ തിരിച്ചെത്തിയവര്‍ക്കു സഹായം നല്‍കിയതെന്നായിരുന്നു സുഷമയുടെ ചോദ്യം.

ലിബിയയിലുണ്ടായിരുന്ന മലയാളികളെ മടക്കിക്കൊണ്ടുവരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മടങ്ങിവന്നവര്‍ക്ക് എക്സിറ്റ് വീസയും അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍നിന്നുള്ള ശമ്പളവും ലഭിച്ചത് ഇന്ത്യന്‍ സ്ഥാനപതിയുടെ ഇടപെടല്‍ മൂലമാണ്. ലിബിയയിലെ സാഹചര്യം സുരക്ഷിതമല്ലാത്തതിനാല്‍ നാട്ടിലേക്കു മടങ്ങാന്‍ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ലിബിയയില്‍ തങ്ങാന്‍ തീരുമാനിച്ചവര്‍ക്ക് സ്ഥാനപതി കാര്യാലയം എല്ലാ സഹായവും നല്‍കി. ആശുപത്രിയുമായും ആരോഗ്യ മന്ത്രാലയവുമായും കാര്യാലയം സമ്പര്‍ക്കത്തിലായിരുന്നു. കാര്യാലയത്തിലെ ഉദ്യോഗസ്ഥ മേധാവി ട്രിപ്പോളിയില്‍ നേരിട്ടുചെന്ന് ചര്‍ച്ചകള്‍ നടത്തിയെന്നും വക്താവ് വിശദീകരിച്ചു.

എയ്ഡ്സ് ബാധയെത്തുടര്‍ന്നു സമൂഹം ഒറ്റപ്പെടുത്തിയ കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശികളായ ബെന്‍സന്റെയും ബെന്‍സിയുടെയും നെറുകയില്‍ സുഷമ സ്വരാജ് ചുംബിച്ചപ്പോള്‍ അവര്‍ മാതൃസ്നേഹത്തിന്റെ മാധുര്യം നുകര്‍ന്നു. മടിയിലിരുത്തി ലാളിച്ചും പുണര്‍ന്നും പാട്ടുപാടിച്ചും കൈപിടിച്ച് ഒപ്പംനടത്തിയും സുഷമ ആ ഏകാന്ത ബാല്യങ്ങളെ സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ അനുഭൂതിയിലാഴ്ത്തിയത് 2003 സെപ്റ്റംബറില്‍. അഞ്ചു വര്‍ഷത്തെ ഇവരുടെ ഭാരിച്ച ചികില്‍സാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയാണ് സുഷമ മടങ്ങിയത്. കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇവര്‍ പ്രസ് ക്ലബ്ബില്‍ എത്തിയത്.

ഇരുവരെയും കണ്ടപാടേ മന്ത്രി അവരെ മടിയിലിരുത്തി ”ബെന്‍സണ്‍, ബെന്‍സി, സുഖമാണോ..”, ‘എന്തുണ്ട് വിശേഷങ്ങള്‍” തുടങ്ങിയ കുശലാന്വേഷണങ്ങള്‍ നടത്തി. ചുറ്റും ടിവി ക്യാമറക്കാരുടെയും പത്ര ഫൊട്ടോഗ്രഫര്‍മാരുടേയും വന്‍പടയായിരുന്നു. കുട്ടികളുടെ മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിനോട് സുഷമ ഹിന്ദിയില്‍ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. കുട്ടികള്‍ക്കു പ്രതിമാസം അയ്യായിരത്തിലേറെ രൂപ ചികില്‍സാ ചെലവുണ്ടെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ഇവരുടെ അടുത്ത അഞ്ചു വര്‍ഷത്തെ മുഴുവന്‍ ചികില്‍സാചെലവും ഏറ്റെടുക്കാന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാനോടും എംഡിയോടും അപ്പോള്‍തന്നെ മന്ത്രി നിര്‍ദേശിച്ചു. മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ നിരവധി ആളുകളെ പ്രതിസന്ധിയില്‍ നിന്നു രക്ഷിച്ച ശേഷമാണ് സുഷമ പ്രതിസന്ധികളില്ലാത്ത ലോകത്തേക്ക് യാത്രയായത്.

Related posts