ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിയ “ദ ചോസൺ’ ബൈബിള്‍ പരമ്പരയിലെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍.”ആമസോണ്‍ പ്രൈം’ വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും പ്രഖ്യാപിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറാം സീസൺ ദുഃഖവെള്ളിയാഴ്ചയുടെ 24 മണിക്കൂറുകളെ ചിത്രീകരിക്കുന്നതാണ്. ഈശോമിശിഹായുടെ കുരിശുമരണത്തിൽ അവസാനിക്കുന്ന വിധത്തിലാണ് പരന്പര തയാറാക്കിയിരിക്കുന്നത്.
“ദ ചോസൺ’ സീസൺ ആറിൽ ആകെ ആറ് എപ്പിസോഡുകൾ ഉൾപ്പെടുന്നു. ഇതിൽ ആദ്യ മൂന്ന് എപ്പിസോഡുകൾ നവംബർ 15ന് റിലീസ് ചെയ്യും. തുടർന്ന് ഡിസംബർ ആറു വരെ പ്രതിവാര എപ്പിസോഡ് എന്നനിലയില്‍ റിലീസ് ചെയ്യും. പരമ്പരയിലെ അവസാനഭാഗം 2027 ആദ്യം തിയറ്റർ റിലീസായിട്ടായിരിക്കും പുറത്തുവിടുക.
ഈശോമിശിഹായുടെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണമായും ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മിച്ച “ദ ചോസണ്‍’ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്.
