ഹരിപ്പാട്: നഗരമധ്യത്തിലും ജനവാസ മേഖലകളിലും കാട്ടുപന്നി ശല്യം രൂക്ഷമായത് നാട്ടുകാർക്ക് ദുരിതമായി. ഹരിപ്പാട് കാർത്തിക ട്യൂഷൻ സെന്റർ, ആരൂർ എൽപിഎസ് സ്കൂൾ പരിസരങ്ങളിലാണ് തിങ്കളാഴ്ച രാത്രി കാട്ടുപന്നികൾ ഇറങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹരിപ്പാട് ടൗണിലും റെയിൽവേ സ്റ്റേഷൻ റോഡിലും പന്നികളുടെ സാന്നിധ്യം പതിവായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഹരിപ്പാടിന് പുറമേ ചേപ്പാടും കാട്ടുപന്നികളെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്നവർക്കും കാൽനടയാത്രക്കാർക്കുമാണ് പന്നികൾ ഭീഷണിയാകുന്നത്.
നഗരപ്രദേശങ്ങളിൽ പോലും പന്നികൾ കൂട്ടമായെത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് അടിയന്തര ഇടപെടൽ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
