തൊടുപുഴ: നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ബിജെപിക്ക് സിപിഎം വോട്ടു മറിച്ചതായി ആരോപണം. ഒമ്പതാം വാര്‍ഡിലും 22-ാം വാര്‍ഡിലുമാണ് സിപിഎം വോട്ടു മറിച്ചുചെയ്തതായി ആരോപണമുയര്‍ന്നത്.
എല്‍ഡിഎഫിന് 250 വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ലീഗിന്റെ സിറ്റിംഗ് വാര്‍ഡായ പെട്ടേനാട് ഇടതുസ്ഥാനാര്‍ഥിക്ക് 86 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 200ലധികം മാത്രം വോട്ടുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ 366 വോട്ട് ലഭിക്കുകയും സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 301 വോട്ട് ലഭിച്ചു. ഒമ്പതാം വാര്‍ഡില്‍ ബിജെപിക്ക് വിജയിക്കാന്‍ അവസരം നല്‍കിയത് സിപിഎം ഏരിയാ കമ്മിറ്റിയുടെ അറിവോടെയാണന്ന് യുഡിഎഫ് ആരോപിച്ചു.
22-ാം വാര്‍ഡായ മുതലിയാര്മഠത്തും ഇതേ ആരോപണമാണ് ഉയര്‍ന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 589 വോട്ടു ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 41 വോട്ടുകള്‍ മാത്രമാണ്. യുഡിഎഫിന് 397 വോട്ടുകളും ലഭിച്ചു. ഇവിടെയും ഏരിയാ കമ്മിറ്റിയുടെ അറിവോടെ വോട്ട് മറിച്ചെന്ന് സിപിഎം പാര്‍ട്ടി ഗ്രൂപ്പുകളില്‍ തന്നെയാണ് ആക്ഷേപമുയര്‍ന്നത്.
