രാമങ്കരി: സംസ്ക്കാരചടങ്ങിനിടെ മോഷണം. അലമാരയിൽ പേഴ്സിനുള്ളിലായി സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന റിയാലും 5000 രൂപയോളം വരുന്ന ദിനാറും കൈക്കലാക്കിയ വിരുതൻ പിന്നീട് ആരും അറിയാതെ മുങ്ങിയെങ്കിലും സി സി ടിവിയിൽ കുടുങ്ങി.രാമങ്കരി പഞ്ചായത്ത് പള്ളിക്കുട്ടുമ്മ നാലുപറയിൽ പങ്കജാക്ഷന്റെ ഭാര്യ വത്സമ്മ(63) യുടെ സംസ്ക്കാര ചടങ്ങ് നടന്ന കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ഇവരുടെ ബന്ധുവായി നടിച്ച് വീടിനുള്ളിൽ കയറിയ യുവാവ് ആദ്യം മുറികളിൽ പരതി നടന്നശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന പേഴ്സ് കൈവശപ്പെടുത്തി പതിനായിരം രൂപയോളം വരുന്ന റിയാലും 5000 രൂപയോളം വരുന്ന ദിനാറും കൈവശപ്പെടുത്തുകയായിരുന്നു. മാതാവിന്റെ വേർപാട് അറിഞ്ഞ് വിദേശത്ത് നിന്നും സംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കുവാനായെത്തിയതായിരുന്നു മക്കളായ രമേശും, രജിത്തും.
ഇവർ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പേഴ്സസിൽ നിന്നു തക്കം നോക്കി വിദേശ കറൻസി കൈക്കലാക്കിയ ശേഷം ഇയാൾ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.ചടങ്ങ് ഒക്കെ കഴിഞ്ഞ് പിന്നീട് പേഴ്സ് പരിശോധിച്ചപ്പോഴാണ് പണം മോഷണം പോയ വിവരം അറിയുന്നത്.
പിന്നീട് വീട്ടിലെ സി സി ടി വി കേന്ദികരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ ചിത്രം ലഭിക്കുന്നത്. തുടർന്ന് ഇവരുടെ പിതാവ് രാമങ്കരി പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും അന്വേണം നടത്തിവരികയുമാണ്.
