എനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു ! മീനത്തില്‍ താലികെട്ടിലെ നായിക തേജാലി ഘനേക്കറുടെ വെളിപ്പെടുത്തല്‍…

ദിലീപ് നായകനായി 1998ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലികെട്ട് എന്ന ചിത്രം മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

മുംബൈ സ്വദേശിയായ തേജാലി ഘനേക്കര്‍ ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ പിന്നീട് താരത്തെ അധികം ചിത്രങ്ങളില്‍ കണ്ടില്ല.

എന്നാല്‍ ഇപ്പോള്‍ ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് തേജാലി. നടന്‍ തിലകനുമൊത്തുള്ള അന്നത്തെ ഷൂട്ടിംഗ് അനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞത്.

‘സത്യം പറഞ്ഞാല്‍ എനിക്ക് തിലകനെ കുറച്ച് പേടിയായിരുന്നു. അദ്ദേഹം അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ അത്രയും സീനിയറായ ആര്‍ട്ടിസ്റ്റാണ് എന്നതുകൊണ്ടു എനിക്ക് തോന്നിയ ബഹുമാനം നിറഞ്ഞ പേടിയായിരുന്നു അത്.

ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തെ മുകള്‍ നിലയില്‍ നിന്നും അടിച്ചടിച്ച് താഴേക്ക് കൊണ്ടുവരുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനില്‍ നമ്മള്‍ എല്ലാവരുമുണ്ട്.

ആ സീനിനോട് റെസ്പോണ്‍ഡ് ചെയ്യുന്ന ഭാവങ്ങളിലാണ് നമ്മള്‍ നില്‍ക്കേണ്ടത്. ‘ഇത്രയും വളര്‍ന്ന ഒരു മകനെ ഇങ്ങനെ അടിക്കുമോ’ എന്ന ഷോക്കിലാണ് എന്റെയും അമ്മയുടെയും സഹോദരിയുടെയും കഥാപാത്രങ്ങളുടെ ഭാവം.

ലോങ് സീനായിരുന്നു അത്. അതുകൊണ്ട് തന്നെ എന്റെ ഭാഗത്ത് നിന്നും ഒരു തെറ്റ് പോലും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ ചോദിച്ചു മനസ്സിലാക്കിയിരുന്നു.

എന്താണ് തിലകന്റെ കഥാപാത്രം പറയുന്നത്, എന്തിനാണ് എന്റെയും മറ്റുള്ളവരുടെയും കഥാപാത്രം അതിനോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ലാല്‍ ജോസിനോട് ചോദിച്ചു മനസ്സിലാക്കി.

തിലകന്‍ വരുന്ന സീനുകളിലെല്ലാം കൃത്യമായി ഹോം വര്‍ക്ക് ചെയ്തിട്ടായിരുന്നു ഞാന്‍ പോവാറുള്ളത്. അദ്ദേഹത്തിന് എന്നെ കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകരുത് എന്നുണ്ടായിരുന്നു,’ തേജാലി പറയുന്നു.

Related posts

Leave a Comment