പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ! കോവിഡ്ക്കാലത്ത് 1500 രൂപയുടെ തെര്‍മല്‍ സ്‌കാനര്‍ സര്‍ക്കാര്‍ വാങ്ങിയത് 5400 രൂപയ്ക്ക്; പുറത്തു വരുന്നത് വന്‍ അഴിമതിക്കഥകള്‍…

കോവിഡ്കാല അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഞെട്ടുകയാണ്.

ഒരു ദുരന്തത്തെപ്പോലും മുതലെടുക്കുന്നവരെ എങ്ങനെ വിശ്വസിക്കും എന്നാണ് ജനം ഒന്നടങ്കം ചോദിക്കുന്നത്.

പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിയുടെ കഥകള്‍ പുറത്തു വന്നതിനു പിന്നാലെ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ വാങ്ങിയതിലെ അഴിമതിയുടെ വിവരങ്ങളും പുറത്തു വരികയാണ്.

കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മര്‍ സ്‌കാനറിന്റെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്.

1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ വാങ്ങാമെന്നിരിക്കെ ഒന്നിന് 5400 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ വാങ്ങിയതെന്നും ഏറ്റവും മികച്ച തെര്‍മല്‍ സ്‌കാനര്‍ 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് കാലത്ത് ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നതിനായി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനറാണ് ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപകമായി ഉപയോഗിച്ചത്.

അതിനാല്‍ തന്നെ ആശുപത്രിയിലടക്കം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ ധാരാളം വേണ്ടി വന്നു.

അടിയന്തര ആവശ്യത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുപ്പതിനാണ് തൃശൂര്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനം സര്‍ക്കാരിന് ക്വട്ടേഷനയക്കുന്നത്.

5400 രൂപയ്ക്ക് ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ നല്‍കാമെന്നായിരുന്നു ക്വട്ടേഷന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ അന്നത്തെ ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് ആര്‍ ദിലീപ് കുമാറാണ് കമ്പനിയുമായി ചര്‍ച്ച നടത്തിയത്.

തുടര്‍ന്ന് വിപണിവിലയുടെ മൂന്നിരട്ടി തീരുമാനിച്ച് ക്വട്ടേഷന്‍ കിട്ടിയ ദിവസം തന്നെ ഫയല്‍ നടപടികള്‍ തുടങ്ങി.

വിപണി വിലയെക്കുറിച്ച് ഫയലില്‍ സൂചിപ്പിക്കാതെ അന്ന് വൈകുന്നേരത്തിന് മുമ്പ് പര്‍ച്ചേസ് ഓര്‍ഡറും തയ്യാറാക്കി ജനറല്‍ മാനേജറുടെ തീരുമാനം അതുപോലെ നടപ്പാക്കി.

വിപണിവിലയുടെ മൂന്നിരട്ടി വിലയായ 5400 രൂപയ്ക്കാണ് കേരളത്തിലുടനീളം സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ വാങ്ങി നല്‍കിയത് എന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

മുമ്പ് പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിക്കഥകളും ഇതുപോലെ പുറത്തു വന്നിരുന്നു. 550 രൂപയ്ക്ക് ലഭ്യമാകുന്ന പിപിഇ കിറ്റ് 1550 രൂപയ്ക്ക് കരാര്‍ നല്‍കിയാണ് തട്ടിപ്പ് നടന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പിപിഇ കിറ്റ്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ വാങ്ങിയതില്‍ അഴിമതി ആരോപണവുമായി എം കെ മുനീര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ആ ആരോപണങ്ങളെ തള്ളിക്കളയുകയായിരുന്നു.

എന്നാല്‍ മുനീറിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ള അഴിമതിക്കഥകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

Related posts

Leave a Comment