വീട്ടമ്മയെ രാത്രിയില്‍ വിളിച്ചു ശല്യപ്പെടുത്തിയ പോലീസുകാരന് ഒടുവില്‍ സസ്‌പെന്‍ഷന്‍, തൊടുപുഴയിലെ പോലീസുകാരനെ കുടുക്കിയത് മദ്യം!

thodupuzhaതൊടുപുഴ: മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ കടയിലെത്തിയ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ മനസിലാക്കി രാത്രിയല്‍ വിളിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ കെ.എ. ജോര്‍ജുകുട്ടിയെയാണ് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ അന്വേഷണ വിധയമായി സസ്‌പെന്‍ഡ് ചെയ്തത്. ുപോലീസുകാരന്‍ വീട്ടമ്മയെ വിളിച്ച് ശല്യപ്പെടുത്തിയതായി രാഷ്ട്രദീപികഡോട്ട്‌കോം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീട്ടമ്മയുടെ ഫോണില്‍ വിളിച്ച് അപമര്യാദയായി സംസാരിച്ചതായും ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായും കണ്ടെത്തി തൊടുപുഴ ഡിവൈഎസ്പി എന്‍.എന്‍. പ്രസാദിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് മുമ്പും ഇയാള്‍ക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസിലെ കടയില്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിനായി എത്തിയ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സമീപത്തു നിന്ന പോലീസുകാരന്‍ സൂത്രത്തില്‍ മനസിലാക്കിയായിരുന്നു രാത്രിയില്‍ ഫോണില്‍ വിളിച്ചത്. പോലീസാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ജോര്‍ജുകുട്ടി വിളിച്ചത്. റീ ചാര്‍ജ് ചെയ്ത് മടങ്ങിയ വീട്ടമ്മ രോഷാകുലയായി ഈ ഷോപ്പിലെത്തി ബഹളം വച്ചതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. വീട്ടമ്മ തന്റെ നമ്പര്‍ എങ്ങനെ പോലീസുകാരന് കിട്ടിയെന്നു ചോദിച്ചായിരുന്നു കടക്കാരനെ ശകാരിച്ചത്. സംഭവം കൈവിട്ടുപോയെന്നു മനസിലാക്കിയ പോലീസുകാരന്‍ മാപ്പു പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നം അവസാനിച്ചില്ല. ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. വൈകിട്ടോടെ കടയുടമയെ സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംഭവം നടന്നതിന്റെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ വീട്ടമ്മ പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Related posts