സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് കാണുന്നവരുടെ മാത്രം തെറ്റാണ്! ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതേക്കുറിച്ച് സംസാരിക്കാതിരിക്കാനുള്ള ഓപ്ഷനുണ്ടല്ലോ; ഒടിയന്‍ വിഷയത്തില്‍ ടോവിനോയ്ക്ക് പറയാനുള്ളത്

ഒടിയന്‍ സിനിമയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളും പ്രചരണങ്ങളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. സംവിധായകന്‍ ശ്രീകുമാരന്‍മേനോനെതിരെ ആരൊക്കെയോ കരുതിക്കൂട്ടി നടത്തുന്ന ആക്രമണങ്ങളാണ് ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗ് എന്നും വിലയിരുത്തലുണ്ട്. ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ പോലും ആക്രമണങ്ങളുണ്ടായി.

ഈ സാഹചര്യത്തില്‍ സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ടോവിനോ ഇക്കാര്യം പറഞ്ഞത്.

ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും വ്യക്തിപരമായ കാര്യമാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് എല്ലാവരോടും പറഞ്ഞ് ആ സിനിമയെ നശിപ്പിക്കേണ്ട ആവശ്യകതയെന്താണെന്നാണ് ടൊവിനോ ചോദിക്കുന്നത്.

സിനിമകണ്ട് അതിനെ വിലയിരുത്തുക. ഒരു സിനിമ നല്ലതാണെങ്കില്‍ അത് എല്ലാവരോടും പറയുക. അവര്‍ക്കത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാനുള്ള ഓപ്ഷന്‍ അവര്‍ക്കുണ്ടല്ലോ. പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരേ. അവരുടെ പ്രതീക്ഷകള്‍ വെച്ചുപോയിട്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു പറയുമ്പോള്‍ അത് അവരുടെ തെറ്റായിട്ടാണ് ഞാന്‍ കാണുന്നത്.’

ഒരു സിനിമ അതിനെ കണ്ടുമാത്രം വിലയിരുത്തുക. അതിനു മുമ്പ് ആളുകള്‍ പറഞ്ഞുകേട്ടും മറ്റും പറയുന്നത് ശരിയല്ലെന്നും ടൊവിനോ പറഞ്ഞു. താനാണെങ്കില്‍ സിനിമ കാണുമ്പോഴാണ് അതിനെ വിലയിരുത്തുന്നത്. ഒരുമാതിരി എല്ലാ സിനിമകളും ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ടൊവിനോ പറഞ്ഞു.

ഒടിയന്‍ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. സിനിമ കണ്ട തന്റെ സുഹൃത്തുക്കള്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്തുകൊണ്ടാണ് സിനിമയ്ക്കെതിരെ ആക്രമണമുണ്ടാവുന്നതെന്ന് അവര്‍ക്കും അറിയില്ലെന്നാണ് പറയുന്നത്. ആരെങ്കിലും മനപൂര്‍വ്വം ചെയ്യുന്നതാണ് ഇതെന്ന് കരുതുന്നില്ല. ഇത് ഒഴിവാക്കാവുന്നതേയുള്ളൂവെന്നും ടൊവിനോ പറഞ്ഞു.

Related posts