മുക്കുവനുള്ള ഫണ്ട് എന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി കേട്ടത് ”മുക്കുവാനുള്ള” ഫണ്ട് എന്ന് ! മുഖ്യമന്ത്രി പിണറായി വിജയനെതിരേ ട്രോള്‍മഴ; ഹെലികോപ്ടര്‍ ട്രോളുകള്‍ കാണാം…

കൊച്ചി: ഓഖി ദുരിതാശ്വാസ ഫണ്ടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ട്രോളന്മാരെല്ലാം മുഖ്യമന്ത്രിയുടെ പിന്നാലെ കൂടി. ഒരു ഹെലികോപ്ടര്‍ കിട്ടിയിരുന്നെങ്കില്‍…ഓഖി ഫണ്ട് മുഴുവന്‍ ചുറ്റിയടിച്ച് തീര്‍ക്കാമായിരുന്നു. എന്ന അടികുറിപ്പോടെ ജയന്റെ ശരീരവും പിണറായിയുടെ മുഖവും കൂട്ടിച്ചേര്‍ത്ത ട്രോളാണ് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത്.

വിവാദ ഹെലികോപ്ടര്‍ യാത്രയുടെ വിവരങ്ങള്‍ പുറത്തു വന്നതോടെ ഫേസ്ബുക്കിലും പിണറായിയെ കളിയാക്കിയുള്ള കമന്റുകളുടെ ബഹളമാണ്. ക്ഷമിക്കണം, മുക്കാന്‍ ഉള്ള ഫണ്ട് ആണെന്നു വച്ചാണ് മുക്കിയത്. അക്ഷരങ്ങള്‍ മാറിപ്പോയി’മുക്കുവന്’ഉള്ള ഫണ്ട് ആയിരുന്നു അല്ലേ,’മുക്കുവാനുള്ള ഫണ്ടാണെന്നാണ് കേട്ടത്. അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’, ‘ഈ വാര്‍ത്ത ഒരു യു.ഡി.എഫുകാരന്റെ പേരിലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ കൊള്ളാം’ എന്നിങ്ങനെപ്പോകുന്ന ഫേസ്ബുക്ക് പരിഹാസങ്ങള്‍.

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്കായി ഓഖി ദുരന്ത നിവാരണ ഫണ്ട് വിനിയോഗിച്ച നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും രംഗത്തെത്തിയിരുന്നു. ”പാഠം 4 ഫണ്ട് കണക്ക്” എന്നു തുടങ്ങുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ജേക്കബ് തോമസ് പരിഹസിക്കുന്നത്. ”ജീവന്റെ വില-25 ലക്ഷം, അല്‍പ്പജീവനുകള്‍ക്ക്- 5 ലക്ഷം, അശരണരായ മാതാപിതാക്കള്‍ക്ക്- 5 ലക്ഷം, ആശ്രയമറ്റ സഹോദരിമാര്‍ക്ക്- 5 ലക്ഷം, ചികില്‍സയ്ക്ക്- 3 ലക്ഷം, കാത്തിരിപ്പു തുടരുന്നത്- 210 കുടുംബങ്ങള്‍, ഹെലികോപ്ടര്‍ കമ്പനി കാത്തിരിക്കുന്നത്-8 ലക്ഷം. പോരട്ടെ പാക്കേജുകള്‍”-എന്നാണു ഫേസ്ബുക്ക് പോസ്റ്റ്.

നിയമവാഴ്ച തകര്‍ന്നെന്നു പ്രസംഗിച്ചതിന്റെ പേരില്‍, ഐ.എം.ജി. ഡയറക്ടര്‍ ജനറല്‍ ആയിരിക്കെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജേക്കബ് തോമസ് നാലാംതവണയാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. വാര്‍ഷികാഘോഷത്തിനു പരസ്യം നല്‍കാനും ഫ്‌ളെക്‌സ് വയ്ക്കാനും സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവിടുന്നതെന്നായിരുന്നു ഒരു പോസ്റ്റ്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളും ചൂണ്ടിക്കാട്ടിയും ജേക്കബ് തോമസ് കുറിപ്പ് ഇട്ടിരുന്നു.

Related posts