ആ കുഞ്ഞന്‍കരടി തനിയെ താഴെ വീണതല്ല, അതിനെ വീഴ്ത്തിയതാണ്! അനേകര്‍ക്ക് പ്രചോദനമേകിയ വൈറല്‍ വീഡിയോക്ക് പിന്നിലെ ക്രൂരത പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ

ആധുനിക സംവിധാനങ്ങളുടെയും ടെക്‌നോളജികളുടെയും പരിധി വിട്ടുള്ളതും ക്രൂരവുമായ ഉപയോഗം പരിസ്ഥിതിയ്ക്കും മിണ്ടാപ്രാണികളായ മൃഗങ്ങള്‍ക്കും എത്രമാത്രം ദ്രോഹം ചെയ്യുന്നുണ്ടെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് പുറത്ത് വന്നിരിക്കുന്നത്.

അമ്മയുടെ അടുത്തേയ്‌ക്കെത്താന്‍ പാടുപെട്ട് മഞ്ഞുമല കയറുന്ന കരടിക്കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ലക്ഷ്യത്തിലെത്താന്‍ കഠിനപ്രയത്‌നം ചെയ്യുന്ന കരടിക്കുട്ടന്റെ വാര്‍ത്തയും ആ ദൃശ്യങ്ങളും പലര്‍ക്കും ഊര്‍ജം നല്‍കി.

ഇതിനിടെ പല തവണ താഴേക്കു വീഴുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കഠിമനലകറ്റത്തിനു പിന്നില്‍ ഒരു കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ. തങ്ങളെ ആക്രമിക്കാന്‍ പറന്നെത്തിയ ഒരു ജീവിയില്‍ നിന്ന് രക്ഷപെട്ട് സുരക്ഷിത കേന്ദ്രം തേടി ഓടുകയായിരുന്നു ആ അമ്മക്കരടിയും കുഞ്ഞുമെന്നാണ് പുതിയ വിവരം.

ഇവരെ നിരീക്ഷിക്കാനെത്തിയ ഡ്രോണ്‍ ആയിരുന്നു ആ ജീവി. ഇതെന്താണെന്ന് അറിയാതെ പരക്കം പായുകയായിരുന്നു അമ്മയും കുഞ്ഞും. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൂളിപ്പറന്ന് എത്തിയ ഡ്രോണിനെ കണ്ട് ഭയന്നാണ് ഇരുവരും അത്രയധികം ഉയരമില്ലാത്ത പര്‍വതത്തിന്റെ മുകളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്.

മാത്രവുമല്ല, പുറകെയെത്തിയ കരടിക്കുഞ്ഞ് അമ്മയുടെ അടുത്തെത്താറാവുമ്പോള്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച വ്യക്തി അത് കൂടുതല്‍ അടുപ്പിച്ചപ്പോള്‍ കുഞ്ഞിനെ പിടിക്കാനെത്തിയ ജീവി എന്നുകണ്ട് അമ്മക്കരടി കുഞ്ഞിനെ താഴേയ്ക്ക് തള്ളി വിടുന്നുമുണ്ട്. അങ്ങനെയാണ് രണ്ട്, മൂന്ന് തവണ അത് താഴേയ്ക്ക് പതിച്ചത്. പിന്നീട് ഒരു തവണ ഡ്രോണ്‍ അധികം താഴേക്ക് അടുപ്പിക്കാതിരുന്ന അവസരത്തില്‍ മാത്രമാണ് കരടിക്കുഞ്ഞിനെ മുകളിലേയ്ക്ക് കയറാന്‍ അമ്മ അനുവദിച്ചതും പിന്നീട് ഇരുവരും ഓടിപ്പോയതും.

വീഡിയോ ചിത്രീകരിച്ചതിനു പിന്നിലെ ക്രൂരത പുറത്തുവന്നതോടെ ഡ്രോണ്‍ കാമറകളുമായി കാട് കയറുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വന്യജീവികളില്‍ അനാവശ്യ ഭയം ജനിപ്പിക്കുന്നതിനും നിലവിലെ ആവാസ കേന്ദ്രം വിട്ട് മാറിപ്പോകാനും ഇത് മൃഗങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്നും വിലയിരുത്തലുണ്ട്.

Related posts