പണിതീരാത്ത ഒരു കെട്ടിടവും ആകര്‍ഷകമായ പെരുമാറ്റവും കൈമുതലാക്കി സജീവിന്റെയും സംഗമിത്രയുടെയും തട്ടിപ്പ്, 70 ലക്ഷത്തോളം തട്ടിച്ച രണ്ടു വന്‍ തട്ടിപ്പുകാരുടെ ഞെട്ടിക്കുന്ന കഥ ഇങ്ങനെ

sangaവ്യാജ സ്കൂളില്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ പോലീസ് പിടിയിലായി. ചിറങ്ങര സ്വദേശികളായ മുളയ്ക്കല്‍ സജീവ് (57), ഇയാളുടെ സഹായി ഇഞ്ചാട്ട് വീട്ടില്‍ സുന്ദരേശന്റെ ഭാര്യ സംഗമിത്ര (57) എന്നിവരെയാണ് ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്‍ അറസ്റ്റു ചെയ്തത്.
ചാലക്കുടി കട്ടിപൊക്കത്ത് ചൈതന്യ സ്കൂള്‍ എന്ന പേരില്‍ ഒരു വാടക വീട് എടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ബഹുവര്‍ണ പരസ്യങ്ങള്‍ നല്‍കിയാണ് ഉദ്യോഗാര്‍ഥികളെ വലയില്‍ വീഴ്ത്തിയത്. പാവപ്പെട്ട സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും. അമ്പതോളം പേരില്‍നിന്നായി ഒരുലക്ഷം മുതല്‍ മൂന്നുലക്ഷം വരെയാണ് ജോലിക്കുവേണ്ടി വാങ്ങിയിരുന്നത്. 70 ലക്ഷത്തോളം രൂപ തട്ടിയതായിട്ടാണ് പോലീസിന് ലഭിച്ച സൂചന.

പണം നല്‍കിയിട്ടും ജോലി ലഭിക്കാതെ വന്നപ്പോള്‍ അന്വേഷണം നടത്തിയപ്പോഴാണ് വഞ്ചിതരായിയെന്ന് മനസിലായത്. വാടകയ്ക്ക് എടുത്ത വീട്ടില്‍ സ്കൂളിന്റെ ബോര്‍ഡുവച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. സ്കൂളില്‍ ഉണ്ടായിരുന്നത് വെറും ആറ് വിദ്യാര്‍ഥികളാണ്. ചിലര്‍ക്ക് സ്കൂളില്‍ ജോലി നല്‍കിയെങ്കിലും മാസങ്ങളോളം സ്ഥാപനത്തില്‍ എത്തിയിട്ടും ശമ്പളം നല്‍കാതെയായപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അഡ്വാന്‍സായി വാങ്ങിയ ലക്ഷങ്ങള്‍ തിരിച്ചുകൊടുത്തുമില്ല. ഇതേത്തുടര്‍ന്നാണ് സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ സ്ഥാപന ഉടമ എല്‍എല്‍ബിയും മാസ്റ്റര്‍ ഡിഗ്രിയും ഉണ്ടെന്ന് അവകാശപ്പെട്ടെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെന്നാണ് പോലീസിനോട് പറഞ്ഞത്.

ഈ കോഴ്‌സുകള്‍ ഒന്നും പാസായിട്ടില്ലെന്ന് പോലീസ് അനേഷ്വണത്തില്‍ വ്യക്തമായതായി ഡിവൈഎസ്പി സി.എസ്. ഷാഹുല്‍ ഹമീദ് പറഞ്ഞു. സ്കൂളിന്റെ പേരില്‍ അധ്യാപകര്‍, പ്രിന്‍സിപ്പല്‍, ക്ലര്‍ക്ക്, ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികളിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് പരസ്യം നല്‍കിയിരുന്നത്. ഇന്‍റര്‍വ്യൂവിന് എത്തുന്നവരില്‍നിന്നും മൂന്നുലക്ഷം, രണ്ടുലക്ഷം, ഒന്നരലക്ഷം എന്ന തോതില്‍ ലക്ഷങ്ങള്‍ സെക്യൂരിറ്റിയായി വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പോലീസ് അറസ്റ്റു ചെയ്യാന്‍ എത്തുമ്പോള്‍ പുതുതായി ഇന്റര്‍വ്യൂ നടത്തുവാനുള്ള പരസ്യങ്ങള്‍ തയാറാക്കുന്ന തിരക്കിലായിരുന്നു ഇയാള്‍. പണം നല്‍കാന്‍ തയാറായി നില്‍ക്കുന്നരും ഉണ്ടായിരുന്നു. തൃശൂരും ഒല്ലൂരും സമാനരീതിയില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചു. നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ഫോട്ടോയെടുത്ത് നിര്‍മാണത്തിലിരിക്കുന്ന പുതിയ സ്കൂള്‍ കെട്ടിടമാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നത്. ഒന്നോ, രണ്ടോ മാസം ഓരോരുത്തരെ സ്റ്റാഫുകളായി നിയമിച്ച് എന്തെങ്കിലും അരോപണങ്ങള്‍ ഉന്നയിച്ച് അവരെ പിരിച്ചുവിടുകയാണ് ചെയ്തിരുന്നത്. മറ്റുള്ളവര്‍ക്ക് ശമ്പളവും കൊടുത്തിരുന്നില്ല.

Related posts