കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തെ ജി.ഡി.പി. വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍! ആദ്യമായി രണ്ടക്കം കണ്ട നിരക്ക് തിരികെ ഒമ്പതില്‍ എത്തിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പുകളിലെ വിജയത്തിനുവേണ്ടി മനസാക്ഷിയ്ക്ക് നിരക്കാത്ത കളികള്‍ പോലും കളിക്കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മുമ്പിലാണ്. എതിര്‍ പാര്‍ട്ടി ഭരിച്ചപ്പോഴുള്ള, അല്ലെങ്കില്‍ ഭരിച്ചാലുണ്ടാവുന്ന നേട്ടങ്ങള്‍ കുറച്ച് കാട്ടുക എന്നതാണ് പലരും ചെയ്യുന്നത്. സമാനമായ ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കോണ്‍ഗ്രസ് നയിച്ച യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്കിന്റെ കണക്കുകളില്‍ കുറവ് വരുത്തിയിരിക്കുകയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ഉദാരവത്കരണത്തിന് ശേഷം ആദ്യമായി രണ്ടക്കം(10.3) കണ്ട ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് തിരികെ 9 ശതമാനത്തില്‍ കൊണ്ടു വന്നിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.

സമ്പദ്ഘടനയെ കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണ ലഭിക്കുമെന്നാണ് ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ ന്യായം. 2004-2005ലെ കണക്കുകള്‍ക്ക് പകരം 2011-2012ലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ തിരുത്തലുകള്‍. പുതിയ കണക്കുകള്‍ പ്രകാരം 2010-11 സാമ്പത്തിക വര്‍ഷം 8.5 ശതമാനം മാത്രമായിരുന്നു വളര്‍ച്ച എന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സി.എസ്.ഒ) കണക്കുകള്‍ പറയുന്നു.

മുമ്പത്തെ കണക്കുകള്‍ പ്രകാരം ഇത് 10.3 ശതമാനം ആയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം 2005-2006ലെ വളര്‍ച്ചാ നിരക്ക് 9.3 ശതമാനത്തില്‍ നിന്നും 7.9ലേക്കും, 2006-2007ലെ വളര്‍ച്ചാ നിരക്ക് 9.3ല്‍ നിന്നും 7.9 ആയും, 2007-2008 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 9.8 ശതമാനത്തില്‍ നിന്നും 7.7 ശതമാനമായും കുറഞ്ഞു.

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഖനനം, ക്വാറി, ടെലകോം മേഖലയിലെ കണക്കുകളില്‍ വരുത്തിയ തിരുത്തലുകളാണ് പുതിയ കണക്കുകള്‍ക്ക് ആധാരം എന്ന് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രവിന്‍ ശ്രീവാസ്തവ, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതിയ കണക്കുകള്‍ തയ്യാറാക്കിയ വിധം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും യു.എന്‍ നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലുള്ളതുമാണെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. സര്‍ക്കാരിന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനോ എന്തെങ്കിലും മനപ്പൂര്‍വം ചെയ്യാനോ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts