ഓൺലൈൻ പണമിടപാടുകൾ സർവസാധാരണമായതോടെ തട്ടിപ്പുകാർ പുതിയ കെണികളുമായി രംഗത്ത്. നിങ്ങളുടെ യുപിഐ അക്കൗണ്ടിലേക്ക് അജ്ഞാതനായ ഒരാൾ പണം അയയ്ക്കുകയും, പിന്നീട് അബദ്ധത്തിൽ വന്നതാണെന്നു പറഞ്ഞ് അതു തിരികെ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പുരീതി. നിരപരാധിത്വത്തോടെ പണം തിരികെ നൽകുന്നവർ വലിയ നിയമക്കുരുക്കുകളിലേക്കും അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്കുമാണ് ചെന്നുപെടുകയെന്ന് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ
പരിചയമില്ലാത്ത ഒരാൾ നിങ്ങളുടെ യുപിഐ അക്കൗണ്ടിലേക്ക് ആദ്യം ഒരു തുക നിക്ഷേപിക്കും. തുടർന്ന് നിങ്ങളെ ഫോണിൽ ബന്ധപ്പെട്ട്, അബദ്ധത്തിൽ പണം അയച്ചതാണെന്നും അത്യാവശ്യമായതിനാൽ ഉടൻ തിരികെ നൽകണമെന്നും ആവശ്യപ്പെടും. വിശ്വസിപ്പിക്കാനായി അവർ പല കാരണങ്ങളും നിരത്തിയേക്കാം. ഇത് സത്യമാണെന്ന് കരുതി പലരും പണം തിരികെ നൽകുന്നതോടെയാണ് തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നത്.
മറ്റ് ഓൺലൈൻ തട്ടിപ്പുകളിലൂടെയോ മോഷണത്തിലൂടെയോ സൈബർ കുറ്റവാളികൾക്ക് ലഭിക്കുന്ന പണമാണ് ഇത്തരത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നത്. നിങ്ങൾ ആ പണം തിരികെ അയയ്ക്കുന്നതോടെ ഈ കുറ്റകൃത്യത്തിന്റെ പണമിടപാട് ശൃംഖലയുടെ ഭാഗമായി മാറുന്നു.
പിന്നീട് അന്വേഷണ ഏജൻസികൾ ഈ തട്ടിപ്പ് പണത്തിന്റെ വഴി അന്വേഷിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടും സ്വാഭാവികമായി സംശയത്തിന്റെനിഴലിലാകും. ഇതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ ബാങ്ക് നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കും . പിന്നീട് ഫണ്ട് പിൻവലിക്കാനോ മറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാനോ നിങ്ങൾക്ക് സാധിക്കാതെ വരും.
അപരിചിതർക്ക് പണം അയയ്ക്കരുത്
അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം വന്നാലും അത് ആവശ്യപ്പെടുന്നവർക്ക് നേരിട്ട് തിരികെ അയയ്ക്കാതിരിക്കുക. പകരം അവരോട് അവരുടെ ബാങ്കുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുക. നിങ്ങളുടെ യുപിഐ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കുക. അക്കൗണ്ടിൽ സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിൽ അറിയിക്കുക. ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയോ അത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.
